ബംഗ്ലാദേശില്‍ ആഭ്യന്തര കലാപം തുടരുന്ന സാഹചര്യത്തില്‍ നിന്നും ഒരു കോടി ഹിന്ദു അഭയാര്‍ഥികള്‍ വരും ദിവസങ്ങള്‍ക്കുള്ളില്‍ പശ്ചിമബംഗാളിലെത്തുമെന്ന് ബി.ജെ.പി നേതാവ് സുവേന്ദു അധികാരി. ഈ അഭയാര്‍ഥികളുടെ പ്രവേശനത്തിന് പശ്ചിമ ബംഗാളിലെ ജനങ്ങള്‍ തയ്യാറാവണമെന്ന് നിയമസഭയുടെ വര്‍ഷകാല സമ്മേളനത്തോടനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അധികാരി പറഞ്ഞു.
‘ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ കശാപ്പ് ചെയ്യപ്പെടുന്നു. രംഗ്പൂര്‍ നഗര്‍ പരിഷത്ത് കൗണ്‍സിലര്‍ ഹരാധന്‍ നായക് കൊല്ലപ്പെട്ടു. സിറാജ്ഗഞ്ചില്‍ പതിമൂന്ന് പൊലീസുകാരെ കൊലപ്പെടുത്തി. ഇതില്‍ 9 പേര്‍ ഹിന്ദുക്കളാണ്. നൊഖാലിയിലെ ഹിന്ദു വസതികള്‍ക്ക് തീയിട്ടു” സുവേന്ദു പറഞ്ഞു. മുഖ്യമന്ത്രി മമത ബാനര്‍ജി, ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ് എന്നിവരോട് വിഷയത്തെക്കുറിച്ച് കേന്ദ്രത്തോട് സംസാരിക്കണമെന്നും ബംഗാളിലെ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ നിലവിലെ സ്ഥിതി മൂന്ന് ദിവസത്തിനുള്ളില്‍ മാറിയില്ലെങ്കില്‍ രാജ്യം മതമൗലികവാദികളുടെ പിടിയിലാകുമെന്നും അധികാരി വ്യക്തമാക്കി.
‘ഒരു കോടി ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കാന്‍ മാനസികമായി തയ്യാറാവുക. ഞാനതിന് ഒരുങ്ങിക്കഴിഞ്ഞു” 1971-ല്‍ ചെയ്തതുപോലെ ബംഗ്ലാദേശില്‍ നിന്ന് വരുന്ന ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കണമെന്ന് അദ്ദേഹം പശ്ചിമ ബംഗാളിലെ ഹിന്ദു ജനതയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ശൈഖ് ഹസീനയുടെ രാജിക്ക് പിന്നാലെ സമാധാനം നിലനിര്‍ത്താനും ഒരു തരത്തിലുള്ള കിംവദന്തികള്‍ക്കും ശ്രദ്ധ കൊടുക്കരുതെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. ബംഗ്ലാദേശിലെ സംഭവവികാസങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ച മമത അത് വിദേശകാര്യ മന്ത്രാലയത്തിന്റെ വിഷയമാണെന്നാണ് പറഞ്ഞ് കയ്യൊഴിയുകയായിരുന്നു. ‘സമാധാനം നിലനിര്‍ത്താനും എല്ലാത്തരം പ്രകോപനങ്ങളും ഒഴിവാക്കാനും പശ്ചിമ ബംഗാളിലെ എല്ലാ പൗരന്മാരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.ഏതെങ്കിലും തരത്തിലുള്ള കിംവദന്തികള്‍ ശ്രദ്ധിക്കരുത്. ഇത് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള വിഷയമാണ്, കേന്ദ്ര സര്‍ക്കാര്‍ എന്ത് തീരുമാനമെടുത്താലും ഞങ്ങള്‍ പിന്തുണയ്ക്കും” മമതയുടെ വാക്കുകളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈ 19 മുതല്‍ ആഗസ്ത് 6 വരെ ബംഗ്ലാദേശിലേക്കുള്ള കൊല്‍ക്കത്ത-ധാക്ക-കൊല്‍ക്കത്ത മൈത്രി എക്സ്പ്രസ് ട്രെയിന്‍ ഉള്‍പ്പെടെയുള്ള എല്ലാ റെയില്‍ സര്‍വീസുകളും ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്.
അതേസമയം ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യവും അത് ഇന്ത്യയില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ലോക്‌സഭയിലും രാജ്യസഭയിലും അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. വിഷയം ചട്ടം 267 പ്രകാരം സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടു. കലാപവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കരുതെന്ന് ബംഗാള്‍ പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ ഇന്ത്യയില്‍ അഭയം തേടിയ ബംഗ്ലാദേശ് മുന്‍പ്രധാനമന്ത്രി ശൈഖ് ഹസീന രാജ്യം വിട്ടുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളില്‍ അരാജകത്വം തുടരുകയാണ്. പ്രക്ഷോഭകര്‍ ഷേര്‍പൂര്‍ ജയില്‍ തകര്‍ത്ത് 500 തടവുകാരെ മോചിപ്പിച്ചു. മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയെ ജയില്‍ മോചിതയാക്കാന്‍ ബംഗ്ലാദേശ് പ്രസിഡന്റ് ഉത്തരവിട്ടിരുന്നു.