X

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നല്ല ആശയമല്ല; അത് പ്രസിഡന്റ് ഭരണത്തിലേക്ക് നയിച്ചേക്കും’

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഇന്ത്യന്‍ സാഹചര്യത്തില്‍ നല്ല ആശയമല്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടികെഎ നായര്‍. ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടേത് ഫെഡറല്‍ സംവിധാനമാണ്. നിയമസഭകളുടെ കാലാവധി വ്യത്യസ്തമാണ്. ഒരുപോലെയാക്കാന്‍ ശ്രമിച്ചാലും, തകരാനുള്ള സാധ്യത കൂടുതലാണ്. അത് രാഷ്ട്രപതി ഭരണത്തിലേക്ക് നയിച്ചേക്കാം. പ്രസിഡന്‍ഷ്യല്‍ ഭരണ സംവിധാനത്തിന് കീഴിലായിരിക്കാന്‍ കഴിയാത്തത്ര വ്യത്യസ്തമാര്‍ന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ശക്തി അതിന്റെ വൈവിധ്യമാണെന്നും ടികെഎ നായര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ എന്ന പേര് ഭാരതം എന്നാക്കുന്നു എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ വെറും വിഡ്ഢിത്തമാണെന്ന് ടികെഎ നായര്‍ പറയുന്നു. ഭരണഘടന അതിന്റെ ആദ്യ അധ്യായത്തില്‍ ‘ഇന്ത്യ, അതാണ് ഭാരതം’ എന്ന് വ്യക്തമായി പറയുന്നുണ്ട്. ഇപ്പോള്‍ നടക്കുന്നത് ശ്രദ്ധ തിരിക്കാനുള്ള ഒരു ശ്രമം മാത്രമാണെന്നും ടികെഎ നായര്‍ പറഞ്ഞു. ഇന്ത്യ എന്നും ഭാരതം എന്നും ഉപയോഗിക്കാം. ഇതിലൊന്ന് ഒഴിവാക്കണമെങ്കില്‍ ഭരണഘടനാ ഭേദഗതി ചെയ്യണം.

അങ്ങനെ സംഭവിച്ചാല്‍ അതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ സമീപിക്കാനുള്ള സാധ്യതയേറെയാണ്. സര്‍ക്കാര്‍ ചെയ്യുന്ന എന്തും അവര്‍ ചെയ്യുന്ന രീതി കാരണം സംശയാസ്പദമായി മാറുന്നുണ്ട്. എന്നാല്‍ ഏകീകൃത സിവില്‍ കോഡ് പോലെ, പിന്നീട് ഒന്നും സംഭവിക്കുന്നില്ല. താനൊരു രാഷ്ട്രീയ പണ്ഡിതനല്ല, എന്നാല്‍ ഇപ്പോഴത്തെ വിവാദം ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള തന്ത്രം ആണെന്നാണ് കരുതുന്നതെന്നും ടികെഎ നായര്‍ കൂട്ടിച്ചേര്‍ത്തു.

webdesk13: