അഷ്റഫ് വേങ്ങാട്ട്
റിയാദ് : ഇക്കൊല്ലം വിശുദ്ധ കര്‍മ്മം നിര്‍വഹിക്കാന്‍ ഇരുപത് ലക്ഷം തീര്‍ത്ഥാടകര്‍ എത്തുമെന്ന് സഊദി ഹജ്ജ് മന്ത്രാലയം പ്രഖ്യാപിച്ചു. വിദേശത്ത് നിന്നുള്ള 18ലക്ഷം പേര്‍ക്കും രണ്ടു ലക്ഷം ആഭ്യന്തര ഹാജിമാര്‍ക്കുമാണ് പുണ്യകര്‍മ്മം നിര്‍വഹിക്കാന്‍ അവസരമുണ്ടാവുകയെന്ന് ഹജ്ജ് മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. അംറ് അല്‍ മദാഹ് അറിയിച്ചു . കോവിഡ് വ്യാപനത്തിന് മുമ്പുള്ള രീതിയിലാകും ഈ വര്‍ഷം ഹാജിമാരെ സ്വീകരിക്കുക. പ്രായ പരിധിയോ വാക്‌സിന്‍ എടുക്കണമെന്ന നിബന്ധനയോ തീര്‍ത്ഥാടകര്‍ക്ക് ബാധകമല്ല. ഓരോ രാജ്യത്തെയും മുസ്ലിം ജനസംഖ്യ പ്രകാരം ആയിരം പേര്‍ക്ക് ഒരാള്‍ എന്ന നിലയിലാണ് ഹജ്ജ് ക്വാട്ട നിര്‍ണ്ണയിച്ചത്.
കോവിഡിന് മുമ്പേ 2019 ലാണ് ഇരുപത്തി അഞ്ച് ലക്ഷത്തോളം ഹജ്ജ് തീര്‍ത്ഥാടകരെ പുണ്യ നഗരം സ്വീകരിച്ചത്. കോവിഡ് വ്യാപനം മൂലം പിന്നീടുള്ള രണ്ട് വര്‍ഷങ്ങളില്‍ പരിമിതമായ ഹാജിമാര്‍ക്കാണ് അവസരം നല്‍കിയത്. കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കെ തന്നെ കഴിഞ്ഞ വര്‍ഷം പത്ത് ലക്ഷം ഹാജിമാര്‍ക്ക് വിശുദ്ധ കര്‍മ്മം നിര്‍വഹിക്കാന്‍ അവസരമൊരുക്കി. ഇക്കൊല്ലം എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കുമെന്നും പ്രത്യേക വ്യവസ്ഥകള്‍ ഉണ്ടായിരിക്കില്ലെന്നും ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ കഴിഞ്ഞ ദിവസം ജിദ്ദയില്‍ നടന്ന ഹജ്ജ് എക്‌സ്‌പോയില്‍ വെച്ച് പ്രഖ്യാപിച്ചിരുന്നു.
ഇക്കൊല്ലം ഇന്ത്യയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം പേര്‍ക്കാണ് ഹജ്ജിനായി അനുമതി നല്‍കിയിട്ടുള്ളത്. 2019 ല്‍ രണ്ട് ലക്ഷം പേര്‍ക്കു അവസരം ലഭിച്ചിരുന്നു. ശേഷം കോവിഡ് വ്യാപനം മൂലം 2020,21 വര്‍ഷങ്ങളില്‍ ആഭ്യന്തര ഹാജിമാര്‍ക്ക് മാത്രം അവസരം നല്‍കി. കഴിഞ്ഞ വര്‍ഷം 79237 പേരായിരുന്നു ഇന്ത്യയില്‍ നിന്ന് പുണ്യകര്‍മ്മം നിര്‍വഹിച്ചത്. 175025 പേര്‍ക്ക് ഇക്കൊല്ലം അവസരം ലഭിക്കുമ്പോള്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ ഹജ്ജ് മിഷനും ഇന്ത്യന്‍ നയതന്ത്ര കാര്യാലയവും. പ്രായപരിധി എടുത്തുകളഞ്ഞത് ഹജ്ജ് ചെയ്യാനുദ്ദേശിക്കുന്ന അനേക ലക്ഷം പ്രായമേറിയവര്‍ക്ക് ജീവിത സ്വപ്നം സാക്ഷാത്കരിക്കുന്ന വാര്‍ത്തയാണ്.
നിയന്ത്രണങ്ങള്‍ മാറുന്നതോടെ വിശുദ്ധ കര്‍മ്മത്തിന് പൂര്‍വകാല പ്രതാപത്തോടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് ഹജ്ജ് മന്ത്രാലയവും ബന്ധപ്പെട്ട മറ്റു വകുപ്പുകളും. അതിന്റെ മുന്നോടിയാണ് 57 രാജ്യങ്ങളില്‍ നിന്നുള്ള ഔദ്യോഗിക സംഘങ്ങള്‍ പങ്കെടുത്ത ജിദ്ദയില്‍ നടന്ന ഹജ്ജ് എക്‌സ്‌പോ. ഇതാദ്യമായാണ് ഹജ്ജിനു മുന്നോടിയായി ഇത്രയും വിപുലമായ എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് കര്‍മം എളുപ്പമാക്കാനുള്ള നൂതന ആശയങ്ങളാണ് എക്‌സ്‌പോയിലെ മുഖ്യ ചര്‍ച്ച.