X

ബം​ഗളൂരു അപ്പാർട്ട്മെന്റിൽ ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ചു; മലയാളി യുവതിക്കെതിരെ കേസ്

ബെം​ഗളൂരു: ബെം​ഗളൂരുവിൽ ഓണാഘോഷത്തിന്റെ ഭാ​ഗമായി മലയാളികൾ തീർത്ത പൂക്കളം നശിപ്പിച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ബെംഗളുരു തനിസാന്ദ്രയിലെ ഫ്ലാറ്റ് സമുച്ചയത്തിലാണ് സംഭവം. ഓണാഘോഷ കമ്മിറ്റിക്കു വേണ്ടി മൊണാർക്ക് സെറിനിറ്റി ഫ്ലാറ്റിലെ വീട്ടമ്മ നൽകിയ പരാതിയിൽ മലയാളിയായ സിമി നായർ എന്ന സ്ത്രീക്ക് എതിരെ ആണ്  പൂക്കളം അലങ്കോലമാക്കിയതിൽ കേസെടുത്തത്.

ശനിയാഴ്ച മൊണാർക്ക് സെറിനിറ്റി അപ്പാർട്മെന്റിൽ ഓണാഘോഷത്തിന്റെ ഭാ​ഗമായാണ് കുട്ടികളുടെ നേതൃത്വത്തിൽ പൂക്കളം ഒരുക്കിയത്. പുലർച്ചെ നാല് മണിക്കാണ് പൂക്കളം പൂർത്തിയാക്കിയത്. ഇതിനു പിന്നാലെ നിമിഷങ്ങൾക്കകം യുവതി പൂക്കളം നശിപ്പിക്കുകയായിരുന്നു. കോമൺ‌ ഏരിയയിൽ പൂക്കളം ഇട്ടതു ചോദ്യം ചെയ്ത സിമി നായർ തടയാൻ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.

അതിക്രമിച്ച് കയറൽ, ഭീഷണിപ്പെടുത്തൽ, ഒരു വിഭാഗത്തിന്‍റെ വികാരം വ്രണപ്പെടുത്തൽ  തുടങ്ങിയ വകുപ്പുകൾ പ്രകാരം ആണ് സിമി നായർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. താന്നിസാന്ദ്രയിലെ മൊണാർക്ക് സെറിനിറ്റിയിലാണ് സംഭവം നടന്നത്. ഫ്ലാറ്റിന്റെ കോമൺ ഏരിയയിൽ പൂക്കളമിട്ടത് ചോദ്യം ചെയ്ത് യുവതി തർക്കിക്കുന്നതും  ശേഷം പൂക്കളത്തിൽ കയറി നിൽക്കുകയുമായിരുന്നു. പിന്നീട് തർക്കത്തിനിടെ പൂക്കളം നശിപ്പിച്ചു.

സംഘർത്തെ തുടർന്നു ഓണ സദ്യ പാർക്കിങ് ബേയിലേക്ക് മാറ്റിയതായി അസോസിയേഷൻ വ്യക്തമാക്കി. ഏഴ് വർഷമായി മലയാളി കൂട്ടായ്മ ഓണാഘോഷം നടത്തുന്നുണ്ട്. പൂക്കളം നശിപ്പിക്കുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇവർക്കെതിരെ വ്യാപകമായ വിമർശനവും ഉയർന്നു.

webdesk14: