X
    Categories: MoreViews

പുതിയ രാജാക്കന്മാന്‍ മഹാബലിയില്‍ നിന്ന് പഠിക്കട്ടെ

വാസുദേവന്‍ കുപ്പാട്ട്

മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുകയാണ്. കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരവുമായി ബന്ധപ്പെട്ടതാണ് ഓണാഘോഷം. വിളവെടുപ്പിന്റെ ഉത്സവം എന്ന നിലയില്‍ ഓണത്തിന് ഏറെ പ്രാധാന്യമുണ്ട്. ആദ്യകാലങ്ങളില്‍ ആഴ്ചകളോളം നീണ്ടുനില്‍ക്കുന്നതായിരുന്നു ഓണാഘോഷം.അത്തം മുതല്‍ പത്ത് ദിവസം ഒഴിവാക്കാനാവാത്ത ആഘോഷതിമര്‍പ്പുകള്‍ തന്നെയായിരുന്നു. ഐതീഹ്യങ്ങളുടെയും മിത്തുകളുടെയും ലോകത്ത് നിന്നാണ് മറ്റു പല ഉത്സവങ്ങളുമെന്ന പോലെ ഓണവും പിറവിയെടുക്കുന്നത്. മഹാബലി എന്ന അസുരചക്രവര്‍ത്തിയുടെ പ്രജാക്ഷേമസമ്പന്നമായ ഭരണം തകര്‍ക്കാന്‍ ദേവന്മാര്‍ നടത്തിയ നീക്കങ്ങളാണ് ഓണത്തിന്റെ പിന്നിലുള്ള പ്രധാന ഐതീഹ്യം. മഹാവിഷ്ണു വാമനരൂപത്തിലെത്തി മഹാബലിയോട് മൂന്നടി മണ്ണ് ചോദിച്ച കഥ ഇനിയും വിശദീകരിക്കേണ്ടതില്ല. അധികാര രാഷ്ട്രീയത്തെ താഴെയിറക്കാന്‍ ഇത്തരം കുടിലതന്ത്രങ്ങള്‍ പണ്ടു മുതല്‍തന്നെ ഉണ്ടായിരുന്നു എന്ന് അറിഞ്ഞാല്‍മതി. ഏതായാലും പ്രജാക്ഷേമതല്‍പരനായ മഹാബലിക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ നാടു സന്ദര്‍ശിക്കാനുള്ള അവസരം മഹാവിഷ്ണു നല്‍കി. അതാണ് തിരുവോണം.

ഒരു ഭരണാധികാരി എങ്ങനെയായിരിക്കണം എന്നതിന്റെ മികച്ച ഉദാഹരണമാണ് മഹാബലി. അദ്ദേഹം വീരശൂരപരാക്രമിയായിരുന്നു. വാക്ക് പാലിക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യാത്തവനുമായിരുന്നു. അസുരചക്രവര്‍ത്തിയായ മഹാബലിയെ തോല്‍പിക്കാന്‍ എത്തിയ വാമനന്‍ യഥാര്‍ത്ഥത്തില്‍ മഹാവിഷ്ണുവാണെന്ന കാര്യം മഹാബലിയോട് ഗുരു ശുക്രാചാര്യന്‍ പല തവണ പറയുന്നുണ്ട്. വാമനന് നല്‍കിയ വാക്ക് പാലിക്കുന്നത് അപകടമാണെന്നും ഗുരു ഓര്‍മിപ്പിക്കുന്നു. എന്നാല്‍ വാമനന് നല്‍കിയ വാക് പാലിക്കാന്‍ തന്നെ മഹാബലി തയാറായി. മൂന്നടി മണ്ണ് അളന്നെടുത്ത വാമനന്‍ മഹാബലിയുടെ ശിരസ്സില്‍ ചവുട്ടി പാതാളത്തിലേക്ക് അയക്കുമ്പോള്‍ ആ ഭരണാധികാരി തന്റെ പ്രജകള്‍ക്ക് മുന്നില്‍ നിസ്സഹായനാവുന്നു. അതേസമയം, തന്റെ അതിഥിയാല്‍ തോല്‍പിക്കപ്പെടുകയും ചെയ്യുന്നു. ഇത്ര നിസ്സഹായനായ ഒരു ഭരണാധികാരിയെ പുരാണങ്ങളില്‍ കാണാന്‍ കഴിയില്ല. അതേസമയം, വാക്കിന് വില കല്‍പിക്കുന്ന മഹാബലി അന്തസ്സാര്‍ന്ന ഭരണാധികാരി എന്ന മേലങ്കി അണിയാന്‍ അര്‍ഹനായി തീരുകയും ചെയ്യുന്നു. മഹാവിഷ്ണുവാണ് വാമനന്‍ എന്നറിയുമ്പോഴും തന്റെ അചഞ്ചലമായ ആദര്‍ശം ഉപേക്ഷിക്കാന്‍ മഹാബലി തയാറാവുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ വൈശിഷ്ട്യം. അതുകൊണ്ടുതന്നെ ഇന്നത്തെ ഭരണാധികാരികള്‍ക്ക് മഹാബലിയില്‍ നിന്ന് ത്യാഗത്തിന്റെയും ആദര്‍ശനിഷ്ഠയുടെയും പാഠങ്ങള്‍ പഠിക്കാനുണ്ട്.

രാജ്യഭരണത്തില്‍ പൗരോഹിത്യത്തിന്റെ ഇടപെടല്‍ പുരാണങ്ങളില്‍ എമ്പാടും കാണാം. വസിഷ്ഠ മഹര്‍ഷി ഉള്‍പ്പെടെയുള്ളവര്‍ രാമന്റെ രാഷ്ട്രീയജീവിതത്തില്‍ നിര്‍ണായകമായി ഇടപെട്ടിട്ടുണ്ട്. ശുക്രാചാര്യന്‍ മഹാബലിയെ ഗുണദോഷിക്കുന്നതും അത്തരമൊരു ഇടപെടലാണ്. എന്നാല്‍ മഹാബലി യാതൊരു വിട്ടുവീഴ്ചക്കും തയാറാവുന്നില്ല. ഇപ്രകാരം ഓണത്തിന്റെ ഐതീഹ്യം രാഷ്ട്രീയ ചിന്തയുടെ ആദ്യകാല പാഠമായി മാറുകയാണ്. കേരളവുമായി മഹാബലിയുടെ ഐതീഹ്യം എങ്ങനെ ബന്ധപ്പെടുന്നു എന്ന കാര്യത്തില്‍ തര്‍ക്കങ്ങളുണ്ട്. മഹാബലിയുടെ രാജ്യം നര്‍മദ നദിയുടെ കരയിലായിരുന്നുവെന്ന് പറയപ്പെടുന്നു. അതിനാല്‍ മഹാബലി കേരളവുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നുവോ എന്നറിയില്ല. എങ്കിലും സമത്വസുന്ദരമായ രാജ്യസങ്കല്‍പം നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ജനതയെ ആവേശം കൊള്ളിച്ചിരിക്കണം. വിഭിന്ന സംസ്‌കാരങ്ങളും ഭാഷയും ജീവിതരീതിയും ഉള്‍ക്കൊള്ളുന്ന ഒരു നാടിന്റെ സ്പന്ദനമാണ് ഓണാഘോഷത്തിന്റെ പിന്നിലുള്ളത്. അതുകൊണ്ടുതന്നെ മലയാളികളുടെ ദേശീയോത്സവം എന്ന നിലക്കാണ് ഓണം ആഘോഷിക്കുന്നത്.

ഭാസുരമായ ഒരു സങ്കല്‍പം ഓണാഘോഷത്തിന്റെ പിന്നിലുണ്ട് എന്ന് എല്ലാവര്‍ക്കും അറിയാം. പഴയ തലമുറയില്‍ നിന്ന് പകര്‍ന്നുകിട്ടിയ സംസ്‌കാരത്തെ അടുത്ത തലമുറക്ക് കൈമാറുകയെന്ന ദൗത്യമാണ് ഇവിടെ നിര്‍വഹിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ സാഹിത്യത്തിലും ഓണം കടന്നുവരുന്നു. ഓണപ്പാട്ടുകാര്‍, ഓണക്കളിക്കാര്‍ തുടങ്ങിയ വൈലോപ്പിള്ളി ശ്രീധരമേനോന്റെ കവിതകള്‍ സ്മരണീയം. കേവലരായ മനുഷ്യരുടെ കഥയാണ് ഓണപ്പാട്ടുകാര്‍ എന്ന കവിതയില്‍ പറയുന്നത്. കീറി പഴകിയ കൂറ പുതച്ചവര്‍ ഞങ്ങള്‍ എന്നാണ് കവി തന്റെ ജനതയെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ അവരുടെ സത്യാന്വേഷണങ്ങള്‍ പിഴക്കുന്നില്ല. ഒരു പുതിയ ലോകത്തെ കണ്ടെത്താനാണ് അവരുടെ യാത്ര. നമ്മുടെ സംസ്‌കാരത്തില്‍ ഓണാഘോഷം എത്ര ആഴത്തില്‍ വേരോടിയിരിക്കുന്നു എന്ന മനസ്സിലാക്കാന്‍ വൈലോപ്പിള്ളിയുടെ കവിത ഉപകരിക്കും. ഇത് ഒരു ഉദാഹരണം മാത്രം. ഇങ്ങനെ ഓണക്കാലം നമ്മുടെ കഥയിലും കവിതയിലും നാടകത്തിലും എല്ലാം നിലാവ് പരത്തി നിലകൊള്ളുന്നു.

കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും വേദിയാവുക പതിവാണ്. ഓണക്കാലത്ത് ഇത്തരം ഒരുപാട് വിനോദങ്ങള്‍ ഉണ്ടായിരുന്നു. തലപ്പന്ത്കളിയും ഓണക്കളിയും മറ്റും കാലത്തിന്റെ കുത്തൊഴുക്കില്‍ നഷ്ടമായി. പൂക്കള്‍ കൊണ്ട് വീടിന്റെ മുറ്റം അലങ്കരിക്കുന്ന പൂക്കളം കേരളീയ ജീവിതത്തിന്റെ അടയാളപ്പെടുത്തലാണ്. പ്രകൃതിയുടെ ഭാഗമായി മാറുന്ന ഒരവസ്ഥയാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്. കര്‍ക്കിടകത്തിന്റെ തോരാമഴ കഴിഞ്ഞ് മാനം തെളിയുന്ന ചിങ്ങമാസത്തില്‍ കടന്നുവരുന്ന ഓണം പ്രകൃതിയെയും ഒരുക്കു നിര്‍ത്തുന്നു. പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന കാഴ്ചയാണ് എല്ലായിടത്തും. ഓണത്തുമ്പികള്‍ പാറി കളിക്കുന്ന കാലം. പൂ പറിക്കാന്‍ കൈതോല കൊണ്ടുള്ള പൂവട്ടിയുമായി കുട്ടികള്‍ കൂട്ടം ചേര്‍ന്നു പോകുമ്പോള്‍ അറിയാതെ തന്നെ കൂട്ടായ്മയുടെ സന്ദേശം കൈവരികയാണ്.

വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഓണക്കാഴ്ചകള്‍ക്ക് സ്വാഭാവികമായി മാറ്റങ്ങള്‍ വന്നു. കാര്‍ഷിക സംസ്‌കൃതി മായുകയും വ്യാവസായിക ചിഹ്നങ്ങള്‍ സമൂഹത്തെ കൂടുതലായി ബാധിക്കുകയും ചെയ്ത സന്ദര്‍ഭത്തിലൂടെയാണ് നാം കടന്നുപോകുന്നത്. കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാവുന്ന കാലം കൂടിയാണിത്. പ്രകൃതിക്കുമേല്‍ മനുഷ്യന്റെ കടന്നുകയറ്റം എത്രമേല്‍ ദോഷം ചെയ്തുവെന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങള്‍ എത്രയോ ഉണ്ട്. അതിലൂടെയാണ് ഈ കാലം കടന്നുപോകുന്നത്. പ്രകൃതിയുടെ നൈസര്‍ഗികമായ അവസ്ഥ സംരക്ഷിക്കണമെന്ന ആവശ്യം എല്ലാ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. കുന്നുകളും കുളങ്ങളും നീര്‍ത്തടങ്ങളും അടങ്ങുന്ന പ്രകൃതിയുടെ വ്യവസ്ഥ സംരക്ഷിക്കപ്പെടണമെന്ന ആവശ്യം അംഗീകരിക്കാന്‍ സമൂഹം നിര്‍ബന്ധിതരാവുകയാണ്.
ഓണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ പ്രകൃതിയുമായി ഇണങ്ങാനും പ്രകൃതിയെയും പ്രപഞ്ചത്തെയും തിരിച്ചുപിടിക്കാനുമുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതാവട്ടെ.

chandrika: