സൗജന്യ ഓണക്കിറ്റിലേക്കായി സപ്ലൈകോ വാങ്ങിയ ശര്‍ക്കരയില്‍ തൂക്ക വെട്ടിപ്പ്. ഈറോഡ് ആസ്ഥാനമായ എ.വി.എന്‍ ട്രേഡേഴ്‌സ് നല്‍കിയ ശര്‍ക്കരയിലാണ് ക്രമക്കേട് കണ്ടെത്തിയത്. സപ്ലൈകോയ്ക്ക് 77 ലക്ഷം നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.
കിറ്റില്‍ നല്‍കിയ ഒരുകിലോ ശര്‍ക്കര പായ്ക്കറ്റാണിത്. തൂക്കി നോക്കിയാല്‍ 950 ഗ്രാം. ബാക്കി അന്‍പത് ഗ്രാം എവിടെപ്പോയെന്ന് അറിയാന്‍ പെരുമ്പാവൂരിലെ ഡിപ്പോ മാനേജര്‍ സപ്ലൈകോ വിജിലന്‍സ് ഓഫീസര്‍ക്ക് അയച്ച കത്ത് നോക്കിയാല്‍ മതി. പെരുമ്പാവൂരില്‍ വിതരണം ചെയ്ത 27920 കിലോ ശര്‍ക്കരയില്‍ ഓരോ കിറ്റിലും 50 ഗ്രാം വീതം കുറവ്. കമ്പനിയുടെ പേരോ, പായ്ക്കിങ് തീയതിയോ കാലാവധിയോ പായ്ക്കറ്റില്‍ രേഖപ്പെടുത്തിയിട്ടില്ലന്നും സപ്ലൈകോയുടെ സല്‍പേരിനിത് കളങ്കമുണ്ടാക്കുമെന്നും കത്തില്‍ പറയുന്നു.
തൃശൂരില്‍ നിന്നും റാന്നിയില്‍ നിന്നും സമാന പരാതി വന്നതോടെയാണ് സപ്ലൈകോയും അറിയുന്നത്. ഈറോഡ് ആസ്ഥാനമായ എം.വി.എന്‍ ട്രേഡ് വെന്‍ച്വേഴ്‌സ് എന്ന സ്ഥാപനമാണ് തൂക്കത്തില്‍ തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തി. ഈ കമ്പനിക്ക് പതിനഞ്ച് ഡിപ്പോകളിലായി 25,77,000 കിലോ ശര്‍ക്കരയുടെ ഓര്‍ഡറാണ് നല്‍കിയത് . ഒരു കിലോയില്‍ 50 ഗ്രാം വച്ച് കുറഞ്ഞാല്‍ ആകെ 1,28,850 കിലോ. കിലോയ്ക്ക് 60 രൂപ വച്ച് നോക്കിയാല്‍പോലും 77, 31,000 രൂപ നഷ്ടം. കരാര്‍ കിട്ടിയ അഞ്ചു കമ്പനികളില്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതും ഇതേ കമ്പനിക്ക് തന്നെ.
തല്‍ക്കാലം അന്‍പത് ഗ്രാം കൂടി ചേര്‍ത്ത് ഡിപ്പോയില്‍ പായ്ക്കറ്റ് പുനക്രമീകരിക്കാനാണ് എംഡിയുടെ നിര്‍ദേശിച്ചിരിക്കുന്നത്. സപ്ലൈകോ വിജിലന്‍സ് ഓഫീസറുടെ കീഴില്‍ ഓരോ മേഖലയിലും അഞ്ചുപേരടങ്ങുന്ന ഫ്‌ലയിങ് സ്‌ക്വാഡും, കിറ്റ് പായ്ക്കിങ്ങിന് മോണിട്ടറിങ് കമ്മിറ്റിയുമുള്ളപ്പോഴാണ് ഈ വെട്ടിപ്പ് നടന്നത്.
തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ച ശര്‍ക്കരയ്ക്ക് ഗുണനിലവാരമില്ലെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് തൂക്കത്തില്‍ വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന കണ്ടെത്തല്‍. വിതരണക്കാര്‍ക്കെതിരെ മാത്രമല്ല, ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകണം.