X

കലാഭവന്‍ മണിയുടെ പേരില്‍ സംസ്ഥാനതല ഓണംകളി മത്സരം നടത്തുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: അന്തരിച്ച പ്രമുഖ നാടന്‍ പാട്ടുകാരനും ചലചിത്ര നടനുമായ കലാഭവന്‍ മണിയുടെ പേരില്‍ സംസ്ഥാനതല ഓണം കളി മത്സരം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു.

മത്സരത്തിന് സാമ്പത്തിക സഹായം അനുവദിക്കുന്നതിനായി കേരള ഫോക് ലോര്‍ അക്കാദമി മുഖേന നടപടികള്‍ സ്വീകരിക്കുമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്.

ചാലക്കുടി എം.എല്‍.എ ബി.ഡി ദേവസ്സിയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

ചാലക്കുടി കേന്ദ്രമായി അനുവദിച്ച കലാഭവന്‍ മണി സ്മാരകം ഫോക്ലോര്‍ അക്കാദമിക്കു കീഴില്‍ ഒരു ഉപകേന്ദ്രമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.

മധ്യകേരളത്തില്‍ അന്യം നിന്ന് പോകുന്ന പ്രാചീന കലാരൂപമായ ഓണംകളിയെ നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതികള്‍.

നിലവില്‍ പുലികളി, വള്ളംകളി തുടങ്ങിയ കലാരൂപങ്ങള്‍ക്ക് നല്‍കുന്നത് പോലെ ഓണംകളിക്കും ഗ്രാന്റുകള്‍ അനുവദിക്കും. ഇതിന്റെ കാര്യങ്ങള്‍ കേരള ഫോക് ലോര്‍ അക്കാദമി മുഖേന പരിശോധിക്കുന്നതാണെന്നും സാസ്‌കാരിക മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഓണത്തോടനുബന്ധിച്ച് നടന്നു വരുന്ന ഗാന നൃത്ത കലയാണ് ഓണംകളി. നിലവില്‍ തൃശൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളിലായാണ് ഈ കളി കൊണ്ടാടുന്നത്.

Web Desk: