X

തെരഞ്ഞെടുപ്പ് അട്ടിമറി കേസ്; ഡൊണാള്‍ഡ് ട്രംപ് കീഴടങ്ങി, അറസ്റ്റ് ചെയ്ത് വിട്ടയച്ചു

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കീഴടങ്ങി. ജോര്‍ജിയ ജയിലില്‍ കീഴടങ്ങിയ ട്രംപിനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. 2020 പൊതുതിരഞ്ഞെടുപ്പില്‍ നിയമവിരുദ്ധ പ്രവര്‍ത്തനവും കൃത്രിമത്വവും കാണിച്ചതിനെതിരെയാണ് അറസ്റ്റ്. ജോ ബൈഡനെ തോല്‍പ്പിക്കാന്‍ നടത്തിയ ശ്രമത്തിന് രണ്ട് വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് ട്രംപിനെതിരെ കുറ്റം ചുമത്തിയത്.

കേസിലെ മറ്റ് പ്രതികളും നേരത്തെ കീഴടങ്ങിയിരുന്നു. തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ് ഇത്തവണയും ട്രംപ് ആവര്‍ത്തിച്ചു. നേരത്തെ ഏപ്രില്‍ മാസത്തില്‍ കൈക്കൂലിയുമായി ബന്ധപ്പെട്ടും ട്രംപിനെതിരെ കേസെടുത്തിരുന്നു.

ജൂണില്‍ പ്രതിരോധ രഹസ്യങ്ങള്‍ കൈവശം വച്ചു, ഗൂഢാലോചന നടത്തി തുടങ്ങിയ കേസുകളില്‍ ട്രംപിനെ അറസ്റ്റ് ചെയ്തിരുന്നു. കോടതി നിര്‍ദേശപ്രകാരം മയാമി ഫെഡറല്‍ കോടതിയില്‍ എത്തിയപ്പോഴാണ് അറസ്റ്റു ചെയ്തത്. പിന്നാലെ അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടു. കുറ്റക്കാരനല്ലെന്ന് അന്നും ട്രംപ് കോടതിയില്‍ ആവര്‍ത്തിച്ചു.

41 കുറ്റങ്ങളാണ് ട്രംപിനെതിരെയും മറ്റു 18 പ്രതികള്‍ക്കെതിരെയുമായി ചുമത്തിയത്. രാജ്യത്തെ കബളിപ്പിക്കല്‍, ഔദ്യോഗിക നടപടികള്‍ തടസ്സപ്പെടുത്തല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയത്. വിവിധ അധികാര പരിധികളിലായാണ് ട്രംപിന് കേസുകളുള്ളത്. അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ട്രംപിന് കേസ് തിരിച്ചടിയായേക്കാം.

webdesk14: