X

ഓണാഘോഷ നാളുകളിലെ യാത്ര: മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: ഓണാഘോഷ നാളുകളിലെ യാത്രകള്‍ക്ക് ഒരുങ്ങുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി പൊലീസ് മേധാവി. വീട് പൂട്ടി ദൂരയാത്ര പോകുന്നവര്‍ ആ വിവരം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് ഡി.ജി.പി ആവശ്യപ്പെട്ടു. യാത്രപോകുമ്പോള്‍ വീടുകളില്‍ സ്വര്‍ണവും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കരുതെന്നുംഡി.ജി.പി നിര്‍ദേശിച്ചു.
ദൂരയാത്രാവേളകളില്‍ വെളിച്ചക്കുറവ് ഉള്ളപ്പോഴും ഉറക്കക്ഷീണമുള്ളപ്പോഴും വാഹനമോടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മദ്യപിച്ചോ അമിതവേഗത്തിലോ വാഹനമോടിക്കരുത്. അര്‍ധരാത്രിയിലും പുലര്‍കാലത്തുമുള്ള യാത്ര ഏറെ കരുതലോടെയാവണം. സീറ്റ് ബല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിക്കേണ്ട വാഹനങ്ങളില്‍ അത് നിര്‍ബന്ധമായും ചെയ്യുക.
വിനോദയാത്ര പോകുന്നവര്‍ തങ്ങളുടെ കുട്ടികള്‍ പരിചയമില്ലാത്ത സ്ഥലങ്ങളില്‍ പോകുന്നതും അപകട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്ന സ്ഥലങ്ങളില്‍ പോകുമ്പോഴും പ്രത്യേകം ശ്രദ്ധിക്കുക. നീന്തല്‍ അറിയാത്തവര്‍ ജലാശയങ്ങളില്‍ ഇറങ്ങാതിരിക്കുക. മുന്‍കൂട്ടി ആലോചിച്ചു തീരുമാനിച്ചുവേണം വിനോദയാത്രകള്‍ സംഘടിപ്പിക്കേണ്ടതെന്നും ഡി.ജി.പി ഫെയ്സ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഓണക്കാലത്ത് മോഷണശ്രമങ്ങള്‍ കൂടുതല്‍ നടക്കാറുള്ളതിനാല്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുമ്പോള്‍ വിലപിടിപ്പുള്ള ആഭരണങ്ങള്‍ പരമാവധി കുറച്ച് ഉപയോഗിക്കാന്‍ ശ്രമിക്കണം. ഇതര സംസ്ഥാന തൊഴിലാളികള്‍, നാടോടി സംഘങ്ങള്‍, യാചകര്‍ തുടങ്ങി പല വേഷങ്ങളില്‍ കവര്‍ച്ചക്കാര്‍ എത്താറുണ്ട്. അതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. പൊതുസ്ഥലങ്ങളില്‍ മദ്യപാനം ഒഴിവാക്കണമെന്നും ലഹരിവസ്തുക്കള്‍, വ്യാജമദ്യം തുടങ്ങിയവയുടെ ഉപയോഗം തടയാന്‍ പൊലീസിനെ സഹായിക്കുകയും വേണമെന്നും ഡി.ജി.പി അഭ്യര്‍ത്ഥിച്ചു.

chandrika: