തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംബര്‍ ലോട്ടറി നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചുവരുടെ പട്ടികയില്‍ ധനമന്ത്രി തോമസ് ഐസക്കും.
അഞ്ഞൂറ് രൂപയാണ് മന്ത്രിക്ക് സമ്മാനമായി ലഭിച്ചത്. ഇന്നലെ വൈകിട്ടാണ് സമ്മാനമടിച്ച വിവരം തോമസ് ഐസക്ക് അറിയുന്നത്.
പണം എന്തു ചെയ്യണമെന്നാലോചിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.
സമ്മാനം ഓണക്കൊടിക്കൊപ്പം കിട്ടിയ ടിക്കറ്റിന്
ലോട്ടറി ടിക്കറ്റ് പണം കൊടുത്ത് വാങ്ങിയതല്ല തോമസ് ഐസക്ക്. തൃശൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം ഭാരവാഹികള്‍ നല്‍കിയതാണ് ടിക്കറ്റ്.
ഓണത്തോടനുബന്ധിച്ച് സഹകരണ സംഘം എല്ലാ ഓഹരി ഉടമകള്‍ക്കും ഓണക്കിറ്റ് നല്‍കിയിരുന്നു. ഈ കിറ്റില്‍ ഓണക്കോടിക്കൊപ്പം ഓരോ ബംബര്‍ ടിക്കറ്റുമുണ്ടായിരുന്നു. ഈ ലോട്ടറിക്കാണ് സമ്മാനമടിച്ചത്.
ബംബര്‍ നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനമായ പത്തു കോടി രൂപ സമ്മാനമായി ലഭിച്ചത് മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുസ്തഫക്കാണ്. പരപ്പനങ്ങാടി ഐശ്വര്യ ലോട്ടറി ഏജന്‍സിയിലെ കൊട്ടന്തല ഖാലിദില്‍ നിന്നു വാങ്ങിയ ടിക്കറ്റിനാണ് മുസ്തഫക്കു സമ്മാനമടിച്ചത്.
നികുതി കഴിച്ച് ആറര കോടി രൂപയോളം മുസ്തഫക്കു ലഭിക്കും. സ്വന്തമായി കച്ചവടം തുടങ്ങണം, വീട് പുതുക്കിപണിയണം തുടങ്ങിയ ആലോചനങ്ങള്‍ നടക്കുമ്പോഴാണ് ഭാഗ്യം മുസ്തഫയെ തേടിയെത്തിയത്.