X

സമാധാനത്തിന്റെ വഴിയേ

ഇസ്താംബൂള്‍: ആശാവഹമായ പുരോഗതി. ഇസ്തംബുളില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ മധ്യസ്ഥതയിലായിരുന്നു ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മിലുള്ള ചര്‍ച്ച. ഇസ്താംബൂള്‍ ചര്‍ച്ച ഫലപ്രദമെന്ന് റഷ്യ അറിയിച്ചു. ഇരു രാജ്യങ്ങളുടെയും പ്രസിഡന്റുമാര്‍ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് അനുയോജ്യമായ പുരോഗതി ചര്‍ച്ചയിലുണ്ടായതായി റഷ്യ അറിയിച്ചു. ഇതോടെ സെലന്‍സ്‌കി-പുടിന്‍ കൂടിക്കാഴ്ചയ ഉണ്ടായേക്കുമെന്ന സൂചനയും പുറത്തു വന്നു. എന്നാല്‍ ഇരു രാജ്യങ്ങളുടേയും വിദേശ മന്ത്രിമാര്‍ തമ്മില്‍ കരാര്‍ അംഗീകരിച്ചെങ്കില്‍ മാത്രമേ പുടിന്‍-സെലന്‍സ്‌കി കൂടിക്കാഴ്ച സാധ്യമാകൂവെന്ന് റഷ്യന്‍ മധ്യസ്ഥരിലൊരാളായ മെഡിന്‍സ്‌കി പറഞ്ഞു. യുക്രെയ്ന്‍ തലസ്ഥാനമായ കീവ്, ചെര്‍ണിഹീവ് എന്നിവിടങ്ങള്‍ക്കു ചുറ്റുമുള്ള സൈനിക നടപടി കുറയ്ക്കാനും ധാരണയായതായി റഷ്യന്‍ പ്രതിരോധ സഹമന്ത്രി അലക്‌സാണ്ടര്‍ ഫോമിന്‍ അറിയിച്ചു. പരസ്പര വിശ്വാസം വര്‍ധിപ്പിക്കുന്നതും കൂടുതല്‍ ചര്‍ച്ചകള്‍ക്കുമായാണ് സൈനിക നടപടിയില്‍ വിട്ടു വീഴ്ച ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് പറഞ്ഞ യുക്രെയ്ന്‍ പ്രതിനിധികള്‍ സുരക്ഷയ്ക്ക് അന്താരാഷ്ട്ര ഉടമ്പടി വേണമെന്ന് ആവശ്യപ്പെട്ടു. സുരക്ഷയ്ക്ക് ഉറപ്പുണ്ടായാല്‍ പക്ഷം ന്യൂട്രല്‍ സ്റ്റാറ്റസ് പദവിയ്ക്ക് യുക്രെയ്ന്‍ തയാറാണെന്നും യുക്രെയ്ന്‍ പ്രതിനിധികള്‍ ചര്‍ച്ചയ്ക്കു ശേഷം പറഞ്ഞു. പുതിയ സംവിധാനം അനുസരിച്ച് തുര്‍ക്കി, ഇസ്രാഈല്‍, പോളണ്ട്, കനഡ, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളെ ജാമ്യക്കാരായി യുക്രെയ്ന്‍ സമ്മതിക്കുമെന്നും ഇവര്‍ യുക്രെയ്‌നു നേരെയുള്ള കടന്നുകയറ്റത്തില്‍ നിന്നും നിയമപരമായി സംരക്ഷണം നല്‍കണമെന്നും പ്രതിനിധികള്‍ പറഞ്ഞു.

ക്രൈമിയ സംബന്ധിച്ച് റഷ്യയുമായി ചര്‍ച്ചകളാവാമെന്നും 15 വര്‍ഷത്തിനുള്ളില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലൂടെ പ്രശ്‌നം അവസാനിപ്പിക്കാമെന്നും യുക്രെയ്ന്‍ നിര്‍ദേശിച്ചതായി സെലന്‍സ്‌കിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് മികായേലോ പോഡോളിയാക് പറഞ്ഞു. ഇടയ്ക്കിടെ ഇടവേളകള്‍ ഉണ്ടായിരുന്നെങ്കിലും തുര്‍ക്കി മധ്യസ്ഥത വഹിച്ച ഇന്നലത്തെ ചര്‍ച്ച നാലു മണിക്കൂറാണ് നീണ്ടു നിന്നത്.

ചര്‍ച്ചകള്‍ ഇനിയും തുടരുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. രാജ്യത്തിന്റെ പരമാധികാരവും അതിര്‍ത്തിയും സംരക്ഷിക്കുക എന്നതായിരിക്കും ചര്‍ച്ചയിലെ നിലപാടെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കി ചര്‍ച്ചയ്ക്കു മുമ്പ് വ്യക്തമാക്കിയിരുന്നു. അതേ സമയം യുക്രെയ്ന്‍ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈന്യം ശ്രമം നടത്തുന്നതിനിടെ സമീപ നഗരമായ ഇര്‍പിന്‍ യുക്രെയ്ന്‍ സേന തിരിച്ചുപിടിച്ചതായി മേയര്‍ ഒലെക്‌സാണ്ടര്‍ മാര്‍കുഷിന്‍ വ്യക്തമാക്കി. സാമൂഹിക മാധ്യമത്തിലൂടെയാണ് ഇക്കാര്യം മേയര്‍ അറിയിച്ചത്. തുറമുഖ നഗരമായ മരിയുപോളില്‍ ഒന്നരലക്ഷത്തിലേറെ ആളുകള്‍ ഇപ്പോഴും ഉണ്ടെന്നും അവരെ ഒഴിപ്പിക്കാന്‍ റഷ്യന്‍ സൈന്യം അനുവദിക്കുന്നില്ലെന്നും മേയര്‍ വദ്യം ബോയ്‌ചെങ്കോ പറഞ്ഞു. ഒഴിപ്പിക്കല്‍ വൈകിയാല്‍ വന്‍ദുരന്തം ഉണ്ടാകാനിടയുണ്ടെന്നു മേയര്‍ പറഞ്ഞു. നഗരത്തില്‍ 5000 പേരെങ്കിലും കൊല്ലപ്പെട്ടതായും 90ശതമാനം കെട്ടിടങ്ങളും നശിച്ചതായും അദ്ദേഹം പറഞ്ഞു. റഷ്യന്‍ സൈന്യം ചെര്‍ണോബില്‍ വിട്ടുപോയതായി അവിടത്തെ മേയര്‍ വ്യക്തമാക്കി.

Test User: