X

പുണ്യരാവില്‍ സുകൃതം തേടി ജനലക്ഷങ്ങള്‍

ആയിരം മാസങ്ങളേക്കാള്‍ പ്രതിഫലം ലഭിക്കുന്ന ലൈലത്തുല്‍ ഖദ്ര്‍ പ്രബലമായി പ്രതീക്ഷിക്കുന്ന റമസാനിലെ ഇരുപത്തി ഏഴാം രാവില്‍ ഇരുഹറമുകളിലേക്കും പുണ്യം നുകരാന്‍ ഒഴുകിയെത്തിയത് ജനലക്ഷങ്ങള്‍. പുണ്യ ഗേഹത്തിന്റെ ചാരത്ത് നിന്നവര്‍ നെഞ്ചുരുകി ലോകരക്ഷിതാവിന്റെ മുന്നില്‍ ആത്മസമര്‍പ്പണം നടത്തി. പരീക്ഷണങ്ങള്‍ക്ക് മധ്യത്തില്‍ വെന്തുരുകുന്ന മുസ്‌ലിംലോകത്തിന്റെ ഹൃദയ താളങ്ങള്‍ വിശുദ്ധ രാവില്‍ ഇരുഹറമുകളിലും പ്രതിധ്വനിച്ചു. കണ്ണുനീര്‍ വാര്‍ത്ത ജനലക്ഷങ്ങള്‍ പാപമോചനത്തോടൊപ്പം ഇരുലോക സംരക്ഷണവും പ്രതിസന്ധികളെ അതിജീവിക്കാനുള്ള വിശ്വാസ ദാര്‍ഢ്യതയും തേടി.

മക്കയിലെ മസ്ജിദുല്‍ ഹറമും മദീനയിലെ മസ്ജിദുന്നബവിയും രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം നിറഞ്ഞു കവിഞ്ഞു. ഇരുഹറമുകളുടെയും പരിസരങ്ങള്‍ ഉള്‍പ്പടെ ജനനിബിഢമായി. തുടര്‍ന്ന് അടുത്തുള്ള മറ്റു മസ്ജിദുകളിലേക്ക് വിശ്വാസികളെ വഴി തിരിച്ചു വിടേണ്ടി വന്നു. സര്‍വ്വതും സൃഷ്ടാവിലര്‍പ്പിച്ച് ജീവിതത്തിലെ വീഴ്ചകള്‍ ഏറ്റുപറഞ്ഞു വിധി നിര്‍ണ്ണയ രാവില്‍ പാപമോചനം തേടിയുള്ള വിശ്വാസികളുടെ ഒഴുക്കിനെ നിയന്ത്രിക്കാന്‍ അധികൃതര്‍ക്ക് നന്നേ പാടുപെടേണ്ടി വന്നു. ഉംറ കര്‍മ്മത്തിനെത്തുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആപുകള്‍ വഴി സമയക്രമീകരണം നല്‍കിയെങ്കിലും തറാവീഹ്, ഖിയാമുല്‍ ലൈല്‍ നിസ്‌കാരങ്ങള്‍ക്ക് വിശ്വാസികളുടെ പ്രവാഹമായിരുന്നു. മസ്ജിദുല്‍ ഹറമില്‍ മാത്രം ഇരുപത് ലക്ഷത്തോളം പേര്‍ പവിത്രമായ രാവിലെ പ്രാര്‍ത്ഥനക്ക് എത്തിയെന്നാണ് അനൗദ്യോഗിക കണക്ക്. പ്രവാചക നഗരിയിലും വന്‍തിരക്കാണ് അനുഭവപ്പെട്ടത്.

ഇന്ന് നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ത്ഥന തറാവീഹിന് ശേഷം തന്നെ നടക്കുമെന്ന് ഇരു ഹറം മേധാവി ശൈഖ് ഡോ. അബ്ദുല്‍റഹ്മാന്‍ സുദൈസ് അറിയിച്ചു. കോവിഡ് പ്രതിസന്ധിക്കിടെ പ്രാര്‍ത്ഥന കഴിഞ്ഞ രണ്ട് വര്‍ഷമായി ഖിയാമുല്‍ ലൈല്‍ നിസ്‌കാരത്തോടൊപ്പമായിരുന്നു. അതോടൊപ്പം ഇരു ഹറമുകളിലും ഈദ് നിസ്‌കാരത്തിന് പ്രത്യേക അനുമതി ആവശ്യമില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സഊദിയില്‍ ശനിയാഴ്ച്ച മാസപ്പിറവി നിരീക്ഷിക്കാന്‍ സഊദി സുപ്രിം കൗണ്‍സില്‍ രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Chandrika Web: