X

അർജുന് വേണ്ടിയുള്ള തിരച്ചിൽ ഏഴാം ദിവസത്തിൽ; വെല്ലുവിളിയായി മഴ; കരയിലെ മുഴുവൻ മണ്ണും നീക്കും

കര്‍ണാടകയിലെ അങ്കോലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഏഴാം ദിനത്തിലേക്ക് കടന്നു. പ്രദേശത്ത് പെയ്യുന്ന ശക്തമായ മഴ രക്ഷാപ്രവര്‍ത്തനത്ത് കടുത്ത വെല്ലുവിളിയാണ്. ഇന്നലെ മുതല്‍ സൈന്യത്തിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. സമീപത്തെ ഗംഗാവാലി പുഴയില്‍ നടത്തുന്ന തിരച്ചിലിനൊപ്പം കരയില്‍ ശേഷിക്കുന്ന മണ്ണ് കൂടി നീക്കി പരിശോധിക്കാനാണ് നീക്കം.

ദേശീയപാതയിലെ 98 ശതമാനം മണ്ണ് നീക്കിയിട്ടും ലോറി കണ്ടെത്താനായില്ലെന്ന് ഞായറാഴ്ച കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ശേഷിക്കുന്ന ഭാഗത്ത് ലോറി ഉണ്ടാകില്ലെന്നാണ് വാദം. തുടര്‍ന്നാണ് തിരച്ചില്‍ മണ്ണ് ഒഴുകി പോകുന്ന സമീപത്തെ പുഴയിലേക്ക് മാറ്റിയത്. കരയില്‍ ശേഷിക്കുന്ന മണ്‍കൂന നീക്കിയാല്‍ കൂടുതല്‍ മണ്ണിടിച്ചിലിന് കാരണമാകുമെന്നതിനാല്‍ അവിടെ തിരയേണ്ടതില്ല എന്നായിരുന്നു തീരുമാനമെങ്കിലും ഇന്ന് അവിടെ കൂടി പരിശോധിക്കാനാണ് നീക്കം.

നേരത്തെ, ജി.പി.എസ് സിഗ്‌നല്‍ ട്രാക്ക് ചെയ്ത സ്ഥാനത്ത് ലോറിയില്ലെന്നും കര്‍ണാടക വ്യക്തമാക്കിയിരുന്നു. സൈന്യം ഇന്ന് ഡീപ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍ കൊണ്ടുവന്നാണ് പരിശോധന നടത്തുക. രക്ഷാപ്രവര്‍ത്തനത്തിന്റെ ആറാം ദിവസത്തിലാണ് മേജര്‍ അഭിഷേകിന്റെ നേതൃത്വത്തില്‍ 40 അംഗ സംഘമെത്തിയത്. പിന്നാലെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്ഥലത്തെത്തി. അപകടം നടന്ന് ആറാമത്തെ ദിവസമാണ് മുഖ്യമന്ത്രി ദുരന്ത സ്ഥലത്ത് എത്തുന്നത്.

വൻതോതിൽ മണ്ണിടിഞ്ഞ് കിടക്കുന്ന മേഖലയിൽ റഡാർ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ലോറിയുണ്ടെന്ന് സ്ഥിരീകരിക്കുന്ന കൃത്യമായ സിഗ്നലുകൾ ലഭിച്ചിരുന്നില്ല. റഡാര്‍ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിലില്‍ ലഭിച്ച സിഗ്നലുകളുടെ ഭാഗത്താണ് ഞായറാഴ്ച രക്ഷാപ്രവർത്തനം നടത്തിയതെങ്കിലും ഫലമുണ്ടായില്ല.

ഏ​ക​ദേ​ശം ഹൈ​വേ​യു​ടെ മ​ധ്യ​ഭാ​ഗ​ത്താ​യി അ​ടി​ഞ്ഞു​കൂ​ടി​യ മ​ൺ​കൂ​ന​യി​ലാ​ണ് യ​ന്ത്ര​ഭാ​ഗ​ത്തി​ന്റേ​തെ​ന്ന് ക​രു​താ​വു​ന്ന സി​ഗ്ന​ൽ ല​ഭി​ച്ച​ത്. സിഗ്നൽ ലഭിച്ച സ്ഥലത്ത് ട്രക്ക് കണ്ടെത്താനായില്ലെന്നാണ് സർക്കാർ വിശദീകരണം. കു​ന്നി​ടി​ഞ്ഞ് ആ​റു മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ൽ ഹൈ​വേ​യി​ൽ മ​ൺ​കൂ​ന രൂ​പ​പ്പെ​ട്ടി​രു​ന്നു. നീ​ക്കു​ന്തോ​റും മ​ണ്ണി​ടി​യു​ന്ന​ത് ര​ക്ഷാ​​ദൗ​ത്യ​ത്തി​ന് വെ​ല്ലു​വി​ളി​യാ​ണ്.

കഴിഞ്ഞ 16നാണ് അങ്കോലയിൽ മണ്ണിടിച്ചിലുണ്ടായത്. ഡ്രൈവർമാർ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും ലോറി നിർത്തുന്ന മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ 12 പേരാണ് മരിച്ചത്. അപകടം നടന്ന് വാഹനങ്ങൾ മണ്ണിനടിയിലായിട്ടും കാര്യമായ രക്ഷാപ്രവർത്തനം നടന്നിരുന്നില്ല. അ​ർ​ജു​ന്റെ തി​രോ​ധാ​നം സം​ബ​ന്ധി​ച്ച വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ വെ​ള്ളി​യാ​ഴ്ച കേ​ര​ള മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ ക​ർ​ണാ​ട​ക സ​ർ​ക്കാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട​തി​ന് ശേ​ഷം മാ​ത്ര​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​യ​ത്.

webdesk13: