ഗാന്ധിനഗര്‍: വിവാഹം കഴിഞ്ഞ് നാലാം നാള്‍ ഭാര്യയും കാമുകനും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി. അഹമ്മദാബാദ് സ്വദേശിയായ ഭവികിനെയാണ് കൊലപ്പെടുത്തിയത്. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് സംഭവം.
ശനിയാഴ്ച ഭവിക് ഭാര്യയായ പായലിന്റെ വീട്ടിലേക്ക് പോയിരുന്നു. എന്നാല്‍ യുവാവ് വീട്ടിലെത്താതിരുന്നപ്പോള്‍ ഭാര്യാപിതാവ് ഭവികിന്റെ പിതാവിനെ വിളിച്ച് അന്വേഷിച്ചിരുന്നു. തുടര്‍ന്നാണ് യുവാവിനെ കാണാനില്ലെന്ന വിവരം പുറത്തറിഞ്ഞത്. പായലിന്റെ ബന്ധുക്കള്‍ നടത്തിയ തിരച്ചിലില്‍ ഭവികിന്റെ ഇരുചക്രവാഹനം റോഡില്‍ വീണുകിടക്കുന്നത് കണ്ടെത്തി.
ഇരുചക്രവാഹനത്തിലുണ്ടായിരുന്ന ആളെ മൂന്ന്‌പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയതായി ദൃക്‌സാക്ഷികളും പറഞ്ഞു. ഇരുചക്ര വാഹനത്തിലായിരുന്ന ഭവികിനെ കാറിടിപ്പിച്ച് വീഴ്ത്തിയ ശേഷമായിരുന്നു തട്ടിക്കൊണ്ടുപോകല്‍.തുടര്‍ന്ന് പായലിന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് പായലിനെ ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തറിയുന്നത്.