അബുദാബി: മാപ്പിളപ്പാട്ട് പ്രേമികളുടെ ഇഷ്ടഗായിക വിളയില്‍ ഫസീലയുടെ വേര്‍പാടില്‍ കാരയ്ക്ക കായ്ക്കുന്ന നാട്ടില്‍നിന്നും പ്രവാസികളുടെ ഖല്‍ബുകള്‍ തേങ്ങി. അരനൂറ്റാണ്ടുകാലമായി മാപ്പിളപ്പാട്ട് ഗാനാലാപന രംഗത്ത് നിറഞ്ഞുനിന്ന വിളയില്‍ ഫസീല എന്നും പ്രവാസികളുടെ ഇഷ്ടഗായികയായിരുന്നു.
നാലര പതിറ്റാണ്ടുമുമ്പ് അവര്‍ ആലപിച്ച കടലിന്റെ ഇക്കരെ വന്നോരെ…
എന്ന വിരഹനൊമ്പരത്തിന്റെ ആഴവും പരപ്പും വിളിച്ചോതിയ മനോഹരമായ ഗാനത്തിലൂടെയാണ് ഫസീല പ്രവാസികളുടെ മനസ്സറിഞ്ഞ ഗായികയായി മാറിയത്. ആയിരത്തിലേറെ ഗാനങ്ങള്‍ ആലപിച്ചുവെങ്കിലും ‘കാരക്ക കായിക്കുന്ന നാടിന്റെ മധുവൂറും ഖിസ്സ’ ഫസീലയുടെ ഇമ്പമുള്ള സ്വരമായി ഒഴുകിയെത്തിയപ്പോള്‍ ഓരോ പ്രവാസിയുടെയും നെഞ്ചകം നൊമ്പരപ്പെടുകയായിരുന്നു.
അതോടെ പ്രവാസികള്‍ക്ക വിശിഷ്യാ പഴയകാല പ്രവാസികള്‍ക്ക് ഫസീല ഇഷ്ടഗായികയും പ്രിയപ്പെട്ട സഹോദരിയോളം ആദരിക്കുന്നവരുമായിമാറി.
സോഷ്യല്‍മീഡിയയിലൂടെ ഫസീലയുടെ വിയോഗവാര്‍ത്ത പുറത്തെത്തിയതോടെ കണ്ണുനിറയുന്ന അക്ഷരങ്ങളിലൂടെ ഏറ്റവും കൂടുതല്‍ പോസ്റ്റുകളിട്ടതും പ്രവാസികള്‍ തന്നെയാണ്.
1970കളില്‍ മാപ്പിളപ്പാട്ടിന്റെ സുല്‍ത്താനായി വിഎംകുട്ടിമാഷ് പ്രവാസികളെത്തേടി യാത്ര പുറപ്പെട്ടപ്പോള്‍ അദ്ദേഹത്തോടൊപ്പം മാപ്പിളപ്പാട്ടിന്റെ രാജകുമാരിയായി വിളിയില്‍ വത്സലയെന്ന ബാലികയുമുണ്ടായിരുന്നു. അധികം വൈകാതെത്തന്നെ അവര്‍ വിളയില്‍ ഫസീലയായി മാറി.
ഗള്‍ഫുനാടുകളിലെ മുക്കുമൂലകളിലെ കാസറ്റുകടകളില്‍നിന്ന് ഒഴുകിയെത്തിയിരുന്ന ഇമ്പമാര്‍ന്ന മാപ്പിളപ്പാട്ടുകളില്‍ മുന്നില്‍നിന്നതും ഇവരുടെ ഗാനങ്ങളായിരുന്നു. എഴുുപതുകളിലും എണ്‍പതുകളിലും ഫസീലയുടെ പാട്ടുകളടങ്ങിയ കാസറ്റുകളില്ലാതെ ഒരു പ്രവാസിയുടെയും പെട്ടി പൂര്‍ണ്ണമാകുമായിരുന്നില്ല.
മപ്പിളപ്പാട്ട് പ്രേമികളുടെ മനം കവര്‍ന്ന എം കുഞ്ഞി മൂസ, പീര്‍ മുഹമ്മദ്, വി എം കുട്ടി, റംലാബീഗം, എസ്.എം.കോയ,എരഞ്ഞോളി മൂസ, കെ ജി സത്താര്‍, എംഎസ് ബാബുരാജ്, എ.വി.മുഹമ്മദ്, കണ്ണൂര്‍ സലീം, അബ്ദുല്‍ റഹ്‌മാന്‍ ചാവക്കാട് എന്നിവരുടെ വഴിയിലൂടെ ഫസീലയും ഓര്‍മ്മയായിമാറി.