X

അവധി ദിനത്തില്‍ കാലിയായി എ.ടി.എമ്മുകള്‍

തിരുവനന്തപുരം: നോട്ട് പ്രതിസന്ധിക്ക് ശേഷമുള്ള ആദ്യ അവധി ദിവസമായ ഇന്നലെ സംസ്ഥാനത്തെ ബാങ്കിംഗ് മേഖല പൂര്‍ണ്ണമായി സ്തംഭിച്ചു. പകുതിയോളം എ.ടി.എമ്മുകളിലും പണമില്ല. കാശുള്ളിടത്താകട്ടെ രണ്ടായിരത്തിന്റെ നോട്ട് മാത്രമാണുള്ളത്.

അതേസമയം എ.ടി.എമ്മുകളില്‍ പൊതുവെ തിരക്ക് കുറഞ്ഞു. ക്യൂ നിന്ന് കാശ് കിട്ടിയാലും രണ്ടായിരത്തിന്റെ നോട്ടായതിനാല്‍ ചില്ലറ പ്രതിസന്ധിക്കും കുറവില്ല. നൂറിന്റെ നോട്ടിന് പൊതുവെ ക്ഷാമമുണ്ട്. അഞ്ഞൂറിന്റെ നോട്ട് കേരളത്തിലെത്തിയെങ്കിലും ഇനിയും വിതരണം ചെയ്തിട്ടില്ല. പുതിയ നോട്ടുകള്‍ രേഖപ്പെടുത്തുന്ന വിധം ബാങ്കിംഗ് സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്തുന്നതിന് ഇനിയും സമയമെടുക്കും. വിവാഹാവശ്യങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ വരെ പിന്‍വലിക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനവും നടപ്പാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

ഇതു സംബന്ധിച്ച നിര്‍ദ്ദേശം റിസര്‍വ് ബാങ്ക് നല്‍കിയിട്ടില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. പെട്രോള്‍ പമ്പുകളിലും പോസ്റ്റ് ഓഫീസുകളിലും പഴയ നോട്ടുകള്‍ സ്വീകരിക്കുന്ന സമയപരിധി അവസാനിക്കാന്‍ നാലു ദിവസം കൂടി ശേഷിക്കെ ജനം ഇപ്പോഴും നെട്ടോട്ടമോടുകയാണ്. സംസ്ഥാനത്തെ കടകമ്പോളങ്ങള്‍ ഭാഗികമായി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പണം ഇല്ലാത്തതല്ല, ചില്ലറയില്ലാത്തതാണ് പ്രതിസന്ധിയെന്ന് ഇവര്‍ പറയുന്നു. അഞ്ഞൂറിന്റെ നോട്ട് പല സംസ്ഥാനങ്ങളിലും വ്യാപകമായിട്ടും കേരളത്തില്‍ ഇനിയും ഇവ വിനിമയത്തിന് ഉപയോഗിക്കാനായിട്ടില്ല.

chandrika: