ഭുവനേശ്വര്‍: പ്രിയങ്കാ ഗാന്ധിയുടെ സജീവ രാഷ്ട്രീയപ്രവേശനം കേവലം 10 ദിവസം കൊണ്ട് എടുത്ത തീരുമാനമല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇക്കാര്യം വര്‍ഷങ്ങള്‍ക്ക് മുമ്പേ ആസൂത്രണം ചെയ്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭുവനേശ്വര്‍ ടൗണ്‍ ഹാളില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍. ഈ തീരുമാനം കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് എടുത്തതാണ്. അല്ലാതെ പത്തുദിവസം കൊണ്ടല്ല.
ഞാന്‍ എന്റെ സഹോദരിയോട് സംസാരിച്ചിരുന്നു. കുട്ടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു അവര്‍ നേരത്തെ ആഗ്രഹിച്ചിരുന്നത്. ഞങ്ങള്‍ ഇരുവരും ഒരുപാട് വിഷമഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. പേരുകേട്ട കുടുംബത്തില്‍ ജനിച്ചതു കൊണ്ട് എല്ലാം എളുപ്പമായിരിക്കുമെന്നാണ് എല്ലാവരും വിചാരിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല. ഞങ്ങളുടെ അച്ഛനും മുത്തശ്ശിയും കൊല്ലപ്പെട്ടു. രാഷ്ട്രീയനഷ്ടങ്ങളും ഞങ്ങള്‍ നേരിട്ടിട്ടുണ്ട്.- രാഹുല്‍ പറഞ്ഞു. ഈമാസം 23നാണ് കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജന. സെക്രട്ടറിയായി പ്രിയങ്ക നിയമിതയായത്. മോദി എന്നെ അധിക്ഷേപിക്കുമ്പോള്‍ എന്നെ ആലിംഗനം ചെയ്യുന്നതായിട്ടാണ് തോന്നുന്നത്. കോണ്‍ഗ്രസ് മൂലം അദ്ദേഹം അസ്വസ്ഥനാണ്. ഞങ്ങളത് മനസ്സിലാക്കുന്നു. അതില്‍ ഞങ്ങള്‍ക്ക് ദേഷ്യമില്ല. അതാണ് കോണ്‍ഗ്രസിന്റെ മാതൃക. ഞങ്ങളൊരിക്കലും ജനങ്ങളെ വെറുക്കില്ല-രാഹുല്‍ കൂട്ടിച്ചേര്‍ത്തു.