ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ നല്‍കിയതിനെതിരെ കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാര്‍ലമെന്റില്‍ കൊണ്ടുവന്ന പ്രമേയത്തിന് കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ സഹായം. ഇരുസഭകളും ഏകകണ്ഠമായി അംഗീകരിച്ച പ്രമേയം തയാറാക്കാനാണ് നയതന്ത്ര വിദഗ്ധന്‍ കൂടിയായ തരൂരിന്റെ സഹായം സുഷമ ആവശ്യപ്പെട്ടത്. ലോക്‌സഭയില്‍ ജാദവിന്റെ വധശിക്ഷയില്‍ പാകിസ്താനെ താക്കീത് ചെയ്ത് സംസാരിച്ച ശേഷം സുഷമ തരൂരിനടുത്തെത്തുകയായിരുന്നു. തരൂര്‍ സഭാ നേതാവ് മല്ലികാര്‍ജുന ഖാഡ്‌ഗെയുടെ അനുമതി തേടിയ ശേഷം സന്തോഷത്തോടു കൂടെ പ്രമേയം തയാറാക്കുന്നതില്‍ സഹകരിച്ചു. എല്ലാവരെയും ബാധിക്കുന്ന പ്രശ്‌നമാണ് ഇതെന്നായിരുന്നു തരൂരിന്റെ പ്രതികരണം. ഇതിനു മുമ്പും തന്ത്രപ്രധാന വിഷയങ്ങളില്‍ മോദി സര്‍ക്കാര്‍ തരൂരിന്റെ സഹായം തേടിയിട്ടുണ്ട്. 2008ലെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ സകിയ്യുര്‍ റഹ്മാന്‍ ലഖ്‌വിയുടെ മോചനത്തെ അപലപിച്ച് പാക്കിസ്താനെതിരെ പ്രമേയം തയാറാക്കുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തരൂരിന്റെ സഹായം ആവശ്യപ്പെട്ടത്. അതിനു മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതിയായ സ്വച്ഛ് ഭാരതിന്റെ ബ്രാന്‍ഡ് അംബാസഡറായി തരൂരിനെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.