ദാവൂദ് മുഹമ്മദ്
മാറ്റി മറിച്ച വിധിയുടെ ചരിത്രമാണ് കണ്ണൂരിന് എന്നും. ചുവന്ന മണ്ണ് എന്ന് പൊതുവെ വിളിക്കുമെങ്കിലും ഏറെ തവണ ഇടതിനെ കൈവിട്ട ചരിത്രമാണ് ഈ മണ്ണിനുള്ളത്. സിറ്റിംഗ് എംപി പികെ ശ്രീമതിയെ കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവ് കെ സുധാകരന്‍ വീണ്ടും നേരിടുമ്പോള്‍ വിജയ പ്രതീക്ഷയിലാണ് യുഡിഎഫ്.
എന്തു കൊണ്ട് വിജയിക്കും എന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ. കഴിഞ്ഞ തവണയുണ്ടായ തെറ്റ് ആവര്‍ത്തിക്കില്ല. അതു കൊണ്ടു തന്നെ പഴുതടച്ചുള്ള പ്രചാരണമാണ് നടത്തുന്നത്. പുതിയ വോട്ടര്‍മാരിലാണ് ഇരുവരും കണ്ണ് വെക്കുന്നത്. ഇതില്‍ ഊന്നിയുള്ള പ്രചാരണമാണ് നാടെങ്ങും നടക്കുന്നത്. കാലത്തിനനുസരിച്ചുള്ള മാറ്റം കണ്ണൂരിലെ പ്രചാരണ ബോര്‍ഡുകളിലും കാണാം.
സംസ്ഥാനത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണ് എന്നതാണ് യുഡിഎഫിന് പ്രതീക്ഷ ഉയര്‍ത്തുന്നത്. എന്നാല്‍ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ സഹായത്തോടെയുള്ള ബഹുമുഖ പ്രചാരണമാണ് എല്‍ഡിഎഫ് നടത്തുന്നത്. ഇതു കൊണ്ട് തന്നെ കൊണ്ടും കൊടുത്തും മുന്നേറുകയാണ് സ്ഥാനാര്‍ത്ഥികള്‍.
‘കൊലക്കത്തിക്കെതിരെ കൈപ്പത്തിക്ക്’ എന്നതാണ് കണ്ണൂരില്‍ ഉയരുന്ന യുഡിഎഫ് മദ്രാവാക്യം. എന്നാല്‍ വികസനമാണ് എല്‍ഡിഎഫ് ഉയര്‍ത്തുന്നത്. മോദി ഭരണത്തിന്റെ തുടര്‍ച്ചയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സികെ പത്മനാഭന്റെ ആയുധം.എല്‍ഡിഎഫ്,യുഡിഎഫ് ക്യാമ്പ് നേരത്തെ ഉണര്‍ന്നപ്പോള്‍ എന്‍ഡിഎ ബഹുദൂരം പിന്നിലാണ്. ആദ്യഘട്ടം പ്രചാരണം അവസാനിച്ചപ്പോള്‍ മികച്ച പ്രതികരണമാണ് വോട്ടര്‍മാരില്‍ നിന്ന് ലഭിക്കുന്നതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ പറഞ്ഞു.
കണ്ണൂര്‍ ലോക്‌സഭ മണ്ഡലം നിലവില്‍ വന്നത് 1977ലാണ്.ആദ്യ തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥി സികെ ചന്ദ്രപ്പന്‍ സിപിഎം സ്ഥാനാര്‍ത്ഥി ഒ.ഭരതനെ 12877 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 1980ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്(യു)വിലെ കെ.കുഞ്ഞമ്പു കോണ്‍ഗ്രസ് (ഐ)യിലെ എന്‍ രാമകൃഷ്ണനെ പരാജയപ്പെടുത്തി. കണ്ണൂരില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ ഇന്ദപ്രസ്ഥത്തിലെത്തിയത് മുല്ലപ്പള്ളി രാമചന്ദ്രനാണ്. 1984 മുതല്‍ 1998 വരെ വിജയിച്ച മുല്ലപ്പള്ളിക്ക് 1999ലും2004ലും കാലിടറി. എല്‍ഡിഎഫിലെ എപി അബ്ദുല്ലക്കുട്ടി അത്ഭുത കുട്ടിയായപ്പോള്‍ 2009ല്‍ കരുത്തനായ കെ.സുധാകരനെ കളത്തിലിറക്കി മണ്ഡലം യുഡിഎഫ് കയ്യിലൊതുക്കി. എന്നാല്‍ 2014ല്‍ പികെ ശ്രീമതിയുമായി മത്സരിച്ചപ്പോള്‍ 6566 വോട്ടിന് പരജയപ്പെട്ടു. എന്നാല്‍ ഈ തെറ്റ് വീണ്ടു ആവര്‍ക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നിന്നു വ്യത്യത്സമായ ആവേശവും ശാസ്ത്രീയമായ പ്രവര്‍ത്തനവുമാണ് സുധാകരന് മുതല്‍കൂട്ടാവുന്നത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നിരക്കാണ് എല്‍ഡിഎഫിന് പ്രതീക്ഷ നല്‍കുന്നത്.
ജില്ലയിലെ ഏഴ് നിയമസഭ മണ്ഡലങ്ങള്‍ഉള്‍ക്കൊള്ളുന്നതാണ് കണ്ണൂര്‍ ലോകസഭ മണ്ഡലം.ഇതില്‍ അഴിക്കോട്, ഇരിക്കൂര്‍, പേരാവൂര്‍ എന്നിവിടങ്ങളില്‍ യുഡിഎഫും കണ്ണൂര്‍,തളിപ്പറമ്പ്,ധര്‍മ്മടം,മട്ടന്നൂര്‍ മണ്ഡലങ്ങളില്‍ എല്‍ഡിഎഫുമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 6566 വോട്ടിനാണ് സുധാകരന്‍ പരാജയപ്പെട്ടത്. എന്നാല്‍ 2009ല്‍ വിജയിച്ചതാവട്ടെ 43151 വോട്ടിനുമാണ്. ഇതു വീണ്ടും ആവര്‍ത്തിക്കുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ പ്രതീക്ഷ.
രാജ്യത്ത് മുഴുവന്‍ അലയടിക്കുന്ന മോദി വിരുദ്ധ തരംഗവും ഉത്തര മലബാറിലെ കൊലപാതക രാഷട്രീയവും കണ്ണൂരില്‍ പ്രതിഫലിച്ചാല്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയായിരിക്കും നേരിടേണ്ടി വരിക. ഒരു ലക്ഷത്തോളമുള്ളപുതിയ വോട്ടര്‍മാരിലാണ് യുഡിഎഫിന്റെ പ്രതീക്ഷ. ഭൂരിപക്ഷത്തിനുള്ള വോട്ട് ഇങ്ങിനെ നേടാനാവുമെന്ന കണക്കുകൂട്ടലിലാണ് സുധാകരന്‍.