X

സ്വാതന്ത്ര്യദിനത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് യൂണിറ്റി ഡേ

കോഴിക്കോട്: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നാളെ (ആഗസ്ത് 15ന്) മുസ്‌ലിം യൂത്ത് ലീഗ് യുണിറ്റി ഡേ സംഘടിപ്പിക്കും. ബ്രിട്ടീഷ് രാജില്‍ നിന്നും ഇന്ത്യ സ്വതന്ത്രമായതിന്റെ എഴുപത്തി ഏഴാം വാര്‍ഷികത്തിൽ യൂണിറ്റ്/ശാഖ/വാർഡ് കമ്മറ്റികളുടെ നേതൃത്വത്തിലാണ് യൂണിറ്റി ഡേ സംഘടിപ്പിക്കുകയെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും അറിയിച്ചു.

ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ജനങ്ങളും മതേതര ചിന്താഗതിക്കാരാണ്. മതേതര ചേരിയിലെ ഭിന്നിപ്പായിരുന്നു ഫാസിസത്തിന് എളുപ്പം വളരാൻ വഴിയൊരുക്കിയത്. എന്നാൽ വൈകിയാണെങ്കിലും മതേതര കക്ഷികള്‍ ഇത് തിരിച്ചറിഞ്ഞത് ശുഭകരമാണെന്ന് നേതാക്കൾ പറഞ്ഞു. ഏത് പ്രതിസന്ധികള്‍ക്കിടയിലും ശുഭാപ്തി വിശ്വാസം കൈവെടിയാതിരിക്കാനുള്ള ജാഗ്രത നമുക്കുണ്ടാവണം. വയനാട്ടിലെ ദുരന്തം നൽകിയ തീരാ നഷ്ടങ്ങളെ അതിജീവിക്കുന്നതിനിടയിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യ ദിനം വന്നു ചേർന്നത്. ആൾ നഷ്ടത്തിനും സ്വത്ത് നഷ്ടത്തിനും ഒരേ വേദനയാണ് എന്ന പാഠം കൂടിയാണ് ദുരന്തം പഠിപ്പിക്കുന്നത്. ദുരന്തബാധിതരെ ചേർത്ത് പിടിക്കാൻ ജാതി- മത – രാഷ്ട്രീയ വേർതിരിവുകളില്ലാതെ കേരളം ഒറ്റകെട്ടാണ്. വയനാടിൻ്റെ വീണ്ടെടുപ്പിനായി സന്നദ്ധ പ്രവർത്തകർ എല്ലാം മറന്ന് ദുരന്തമണ്ണിൽ കർമ്മ നിരതരാണ്.

യുണിറ്റി ഡേയുടെ ഭാഗമായി ദേശീയ പതാക ഉയര്‍ത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറുകയും, പ്രതിജ്ഞ എടുക്കുകയും ചെയ്യും. ദേശീയ ഗാനാലാപനത്തോടെ പരിപാടി സമാപിക്കും. മുഴുവന്‍ ശാഖകളിലും യൂണിറ്റി ഡേ നടക്കുന്നുണ്ടെന്ന് മേല്‍ കമ്മറ്റികള്‍ ഉറപ്പ് വരുത്തണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു.

webdesk14: