ന്യൂഡല്‍ഹി: ഡോ. അംബേദ്കറെ പരിഹസിച്ചതുപോലെ ഗാന്ധിജിയെയും പരിഹസിച്ചവരും 2024 ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രം പ്രതിഷ്ഠിച്ച ദിവസമാണ് ഇന്ത്യ സ്വതന്ത്രമായതെന്ന് അവകാശപ്പെടുകയും ചെയ്യുന്ന ആളുകളാണ് ഭരണസംവിധാനത്തിന്റെ ഉന്നത തലങ്ങളിലിരിക്കുന്നതെന്ന് ആര്‍.എസ്.എസ്- ബി.ജെ.പി നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ്.
77 വര്‍ഷങ്ങള്‍ക്ക് മുമ്പ് മഹാത്മാഗാന്ധി കൊല്ലപ്പെട്ടു. നാഥുറാം ഗോഡ്സെയാണ് ഗാന്ധിയുടെ ശരീരത്തിലേക്ക് വെടിയുണ്ടകള്‍ ഉതിര്‍ത്തത്. എന്നാല്‍ അതിന്റെ പിന്നില്‍ ഒരു പ്രത്യയശാസ്ത്രവും ഉണ്ടായിരുന്നുവെന്നും കോണ്‍ഗ്രസ് കമ്യൂണിക്കേഷന്‍സിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജയറാം രമേശ് ‘എക്സി’ലെ പോസ്റ്റില്‍ കുറിച്ചു. ഡോ. അംബേദ്കറെ പരിഹസിച്ചതുപോലെ ഗാന്ധിജിയെയും പരിഹസിച്ചവരാണ് ഇന്ത്യയുടെ അധികാരസ്ഥാനങ്ങളില്‍ ഇന്ന് ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രം പ്രതിഷ്ഠിച്ച ദിവസം ഇന്ത്യയുടെ ‘യഥാര്‍ത്ഥ സ്വാതന്ത്ര്യം’ സ്ഥാപിക്കപ്പെട്ടുവെന്ന ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തെ ഉദ്ദേശിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.മഹാത്മാഗാന്ധിയുടെ കണ്ണടയും വടിയും സ്വയം ഉയര്‍ത്തിക്കാട്ടാന്‍ ഉപയോഗിക്കുന്നവരും അതേസമയം രാജ്യത്തുടനീളമുള്ള ഗാന്ധിയന്‍ സ്ഥാപനങ്ങള്‍ നശിപ്പിക്കുന്നവരുണ്ടെന്നും രമേശ് ചൂണ്ടിക്കാട്ടി. മഹാത്മാഗാന്ധിയുടെ പൈതൃകം സംരക്ഷിക്കലും പ്രോത്സാഹിപ്പിക്കലും ഇപ്പോള്‍ അത്യന്താപേക്ഷിതമാണ്. ഇന്ത്യ എന്ന ആശയത്തിന്റെ നിലനില്‍പ്പ് അതിനെ ആശ്രയിച്ചിരിക്കുന്നുവെന്നും രമേശ് പറഞ്ഞു.
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഗാന്ധിജി വെറുമൊരു വ്യക്തിയായിരുന്നില്ല അദ്ദേഹം ഇന്ത്യയുടെ ആത്മാവാണെന്നും എല്ലാ ഇന്ത്യക്കാരനിലും ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. സത്യത്തിന്റെയും അഹിംസയുടെയും നിര്‍ഭയത്വത്തിന്റെയും ശക്തി ഏറ്റവും വലിയ സാമ്രാജ്യങ്ങളുടെ പോലും വേരുകള്‍ ഇളക്കും. ലോകം മുഴുവന്‍ ഈ ആദര്‍ശങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നു. രാഷ്ട്രപിതാവ്, മഹാത്മാ, നമ്മുടെ ബാപ്പുവിന് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ നൂറുനൂറു അഭിവാദനങ്ങള്‍ -‘എക്സി’ലെ പോസ്റ്റില്‍ രാഹുല്‍ പറഞ്ഞു.
നമ്മുടെ രാജ്യത്തിന്റെ വഴികാട്ടിയായ ബാപ്പുവിന് ഞങ്ങള്‍ അഗാധമായ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. സത്യം, അഹിംസ, സര്‍വോദയ തുടങ്ങിയ അദ്ദേഹത്തിന്റെ ആശയങ്ങള്‍ നമ്മുടെ പാത പ്രകാശിപ്പിക്കുന്നത് തുടരുന്നു’വെന്ന് ഖാര്‍ഗെ പറഞ്ഞു.