X

അയോധ്യ വിഷയത്തില്‍ വെല്ലുവിളിയുമായി പ്രധാനമന്ത്രിയും രംഗത്ത്

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര ബിജെപി ഉയര്‍ത്തി കൊണ്ടുവരുന്ന വിവാദത്തില്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ചും വിമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്ത്.
കേന്ദ്ര സര്‍ക്കാറിന്റെ വിവാദങ്ങളും ഭരണ പരാജയവും മറക്കാന്‍ അയോധ്യ വിഷയം അജണ്ടയാക്കി ബിജെപി രംഗത്തെത്തിയിരിക്കെയാണ് മോദിയുടെ വിമര്‍ശനം. അയോധ്യയില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു മോദിയുടെ വിമര്‍ശം. രാജസ്ഥാനിലെ ആല്‍വാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കവെ സുപ്രീംകോടതിയുടെ പരിഗണയില്‍ നില്‍ക്കുന്ന വിഷയത്തില്‍ പ്രധാനമന്ത്രിയുടെ വെല്ലുവിളി.

രാമക്ഷേത്ര നിര്‍മാണം ആവശ്യപ്പെട്ടു വി.എച്ച്.പിയും ശിവസേനയും അയോധ്യയില്‍ വലിയ റാലികളും സമ്മേളനങ്ങളും നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസിനെതിരെയുള്ള മോദിയുടെ പരാമര്‍ശം.

പൊതുതെരഞ്ഞെടുപ്പു ചൂണ്ടിക്കാട്ടി അയോധ്യക്കേസ് വൈകിപ്പിക്കാനും കോടതിയിലെ ജഡ്ജിമാര്‍ക്കിടയില്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനും കോണ്‍ഗ്രസ് ശ്രമിക്കുന്നു. ജുഡീഷ്യറിയില്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ് അവര്‍. 2019 ല്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനുള്ളതിനാല്‍ അയോധ്യക്കേസിലെ വിചാരണ വൈകിപ്പിക്കണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാന്‍ സാധ്യമായതെല്ലാം ചെയ്തവരാണു കോണ്‍ഗ്രസുകാര്‍. ഇത്തരം കാര്യങ്ങള്‍ എങ്ങനെയാണ്? അംഗീകരിക്കാന്‍ കഴിയുക.- മോദി പറഞ്ഞു.

2019 ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര സര്‍ക്കാറിന്റെ ഭരണ പരാജയം ചര്‍ച്ചചെയ്യാതിരിക്കാന്‍ അയോധ്യ വിഷയം രാഷ്ട്രീയ അജണ്ടയാക്കി ഉയര്‍ത്താനാണ് ബിജെപി ശ്രമം. രാമക്ഷേത്ര നിര്‍മ്മാണം ഉയര്‍ത്തിക്കാട്ടി അധികാരത്തിലേറിയ മോദി ഗവണ്‍മെന്റ് ഭരണത്തിലിരുന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒന്നും ചെയ്യാന്‍ സാധിക്കാതിരിക്കെയാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അയോധ്യ വീണ്ടും വിവാദമാകുന്നത്.

chandrika: