തിരുവനന്തപുരം: ഭോപാലില്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍
പങ്കെടുക്കുന്നതില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞ സംഭവത്തില്‍ പ്രതിഷേധവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംഭവം പ്രതിഷേധാര്‍ഹവും നിര്‍ഭാഗ്യകരവുമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിലൂടെ മധ്യപ്രദേശ് സര്‍ക്കാര്‍ കേരളത്തെ അപമാനിച്ചിരിക്കുകയാണ്, ഒരിക്കലും പാടില്ലാത്ത അനുഭവമാണിത്,
കേരളമുഖ്യമന്ത്രിയെ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കാത്തത് ഫെഡറല്‍ സംവിധാനത്തിന്റെ മര്യാദകളുടെ നഗ്നമായ ലംഘനമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ശനിയാഴ്ചയാണ് ഭോപാലില്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി ഭോപാലിലെത്തിയത്.
എന്നാല്‍ ആര്‍.എസ്.എസ് പ്രതിഷേധം ഉണ്ടാവുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കാതെ പിണറായി വിജയന്‍ മടങ്ങി.
വിഷയം കേരളത്തില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.