ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാഹുല്‍ ഗാന്ധിയുമായുള്ള കൂടികാഴ്ചയ്ക്കു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ സംഘടനാ കാര്യങ്ങള്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്തു. ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തിയുണ്ട്. ഇനിയുള്ള കാര്യങ്ങളെല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കും. പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പ് വേണമെന്ന അഭിപ്രായം ഹൈക്കമാന്റിനെ അറിയിച്ചു.
സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്നുള്ളത് പുതിയ ആവശ്യമല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അതുള്‍പ്പെടെയുള്ള കാര്യങ്ങളെല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കും. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. ആ തെരഞ്ഞെടുപ്പിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഹൈക്കമാന്റിനു മുമ്പില്‍ താനൊരു പരാതിയും ഉന്നയിച്ചിട്ടില്ല. ആവശ്യവും വച്ചിട്ടില്ല. പാര്‍ട്ടി പരിപാടികളില്‍ നിന്നു വിട്ടു നിന്നിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സൗകര്യം ലഭിക്കാത്തതിനാലാണ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നു വിട്ടു നിന്നത്. അടുത്ത രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കും.
ചര്‍ച്ചയില്‍ തന്റെ അഭിപ്രായം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തു പറയാനാകില്ല. ഔദ്യോഗിക സ്ഥാനങ്ങള്‍ ഏറ്റെടുക്കാനില്ലെന്നും ഡിസിസി പ്രസിഡന്റുമാരുടെ നോമിനേഷനു എതിരായി ഒന്നും പറഞ്ഞിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.