ന്യൂഡല്‍ഹി: കോവിഡ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതിനാല്‍ സുപ്രീംകോടതിയില്‍ നേരിട്ടുള്ള വാദം കേള്‍ക്കല്‍ പുനരാരംഭിക്കണമെന്ന ആവശ്യത്തോട് പ്രതികരിച്ച് ചീഫ് ജസ്റ്റിസ് എന്‍.വി രമണ. ഒമിക്രോണ്‍ നിശബ്ദനായ കൊലയാളിയാണെന്നും ഒരുമാസം മുന്‍പ് രോഗബാധിതനായ താന്‍ ഇപ്പോഴും ബുദ്ധിമുട്ടുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും മുതിര്‍ന്ന അഭിഭാഷകനുമായ വികാസ് സിങ് ആണ് പൂര്‍ണമായും നേരിട്ടുള്ള വാദം കേള്‍ക്കലിലേക്ക് മാറണമെന്ന് അഭ്യര്‍ത്ഥിച്ചത്. നിങ്ങള്‍ക്കറിയാമോ, ഒമിക്രോണ്‍ നിശബ്ദനായ കൊലയാളിയാണ്. ആദ്യ തരംഗത്തില്‍ എനിക്കും രോഗം ബാധിച്ചിരുന്നു. പക്ഷേ നാലു ദിവസത്തിനകം രോഗമുക്തനായി. ഇപ്പോള്‍ 25 ദിവസമായി അതിന്റെ ബുദ്ധിമുട്ടുകള്‍ ഞാന്‍ അനുഭവിക്കുകയാണ്’- ചീഫ് ജസ്റ്റിസ് പറഞ്ഞു.
നിലവില്‍ ആഴ്ചയില്‍ രണ്ടു തവണ മാത്രമാണു കോടതി നേരിട്ടു വാദം കേള്‍ക്കുന്നത്. ബാക്കി ദിവസങ്ങളില്‍ ഓണ്‍ലൈനായാണു പ്രവര്‍ത്തനം. 15,000 കേസുകളുടെ വര്‍ധനയുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയപ്പോള്‍, ഒമിക്രോണിന് തീവ്രത കുറവാണെന്നു വികാസ് സിങ് വ്യക്തമാക്കി. കോവിഡ് മുക്തനായിട്ടും ഇപ്പോഴും ദുരിതമനുഭവിക്കുകയാണെന്നു ചീഫ് ജസ്റ്റിസ് പറഞ്ഞപ്പോള്‍ അതു ദൗര്‍ഭാഗ്യകരമെന്നും ആളുകള്‍ കൂടുതലായി രോഗമുക്തി നേടുകയാണെന്നും സിങ് പറഞ്ഞു. നമുക്കു നോക്കാം’ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.