പാരീസ്: കോവിഡിന്റെ പ്രധാന വകഭേദമായ ഒമിക്രോണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ അതിവേഗം വ്യാപിക്കുന്നു. ഫ്രാന്‍സ്, യു.കെ, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഒമിക്രോണിന്റെ അതിവേഗത്തിലുള്ള വ്യാപനം സാധ്യമാകുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. ഈ മൂന്ന് രാജ്യങ്ങളിലും ഒമിക്രോണിന്റെ വ്യാപന ശേഷി കുറയാത്തത് ആരോഗ്യമേഖലയെ ആശങ്കപ്പെടുത്തിയിട്ടുമുണ്ട്. ഫ്രാന്‍സില്‍ 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലധികം പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
അമേരിക്കയില്‍ ഒമിക്രോണ്‍ മുന്‍കരുതലുകള്‍ ശക്തമാക്കി. പുതുവര്‍ഷത്തിന്റെ ആദ്യത്തെ ആഴ്ചകളില്‍ കടുത്ത നിയന്ത്രണം വേണമെന്നാണ് ആരോഗ്യ വിഭാഗം നിര്‍ദ്ദേശിച്ചത്. ജനങ്ങള്‍ ഇക്കാര്യത്തില്‍ ശ്രദ്ധാലുക്കളാകണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ദൈനംദിന ജീവിതത്തെ ബാധിക്കുമെന്നും ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കും മറ്റു മേഖലകള്‍ക്കും ഇത് വലിയ തിരിച്ചടിയാകുമെന്നും വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഒമിക്രോണ്‍ കേസുകള്‍ കൂടുമ്പോഴും ഓസ്‌ട്രേലിയയില്‍ പുതുവത്സരാഘോഷങ്ങള്‍ക്കായി വലിയ ഒരുക്കങ്ങളാണ്. സിഡ്‌നി നഗരം പുതുവത്സരത്തെ വരവേറ്റത് അത്യാവേശത്തോടെയാണ്.
സ്‌പെയിനില്‍ കോവിഡ് പ്രതിദിന കേസുകള്‍ ഒരു ലക്ഷം പേരില്‍ 1,086 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ടായി. ഏകദേശം 80 ശതമാനം പേരും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും പുതിയ കേസുകള്‍ വര്‍ധിക്കുകയാണ്. ഒമിക്രോണ്‍ സ്ഥിരീകരിച്ച ശേഷം ആദ്യമായാണ് ആയിരത്തിന് മുകളില്‍ കേസുകള്‍ വരുന്നത്. എന്നാല്‍ ആശുപത്രികളില്‍ മതിയായ ചികിത്സ രോഗികള്‍ക്ക് ഉറപ്പ് വരുത്താന്‍ കഴിയുന്നുണ്ടെന്നാണ് ആരോഗ്യവിഭാഗം വ്യക്തമാക്കുന്നത്.
ഫിലിപ്പീന്‍സില്‍ പുതിയ കേസുകളുടെ എണ്ണം രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഇതോടെ രാജ്യത്ത് നിയന്ത്രണങ്ങളും ശക്തമാക്കിയിട്ടുണ്ട്. പുതുവത്സരാഘോഷം അതീവ ജാഗ്രതയോടെ വേണമെന്നും നിര്‍ദ്ദേശമുണ്ട്. ഇസ്രാഈലില്‍ കോവിഡ് വാക്‌സിന്റെ നാലാമത്തെ ഡോസ് നല്‍കിത്തുടങ്ങി. ഒമിക്രോണ്‍ വകഭേദത്തിന്റെ പുതിയ തരംഗം ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഇസ്രാഈല്‍ നാലാം ഡോസ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ലോകത്ത് ആദ്യമായാണ് നാല് ഡോസ് വാക്‌സിന്‍ നല്‍കുന്നത്.
ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ ശക്തമായ നിയന്ത്രണങ്ങളുമായി ഹോങ്കോങ്. കര്‍ശനമായ ക്വാറന്റീന്‍ വ്യവസ്ഥകളാണ് ഇവിടെ നടപ്പിലാക്കുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്നും ഹോങ്കോങിലെത്തുന്നവര്‍ കര്‍ശനമായ ക്വാറന്റീന്‍ വ്യവസ്ഥകള്‍ പാലിക്കണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശം