ഒമിക്രോണ്‍ വകഭേദം മറ്റ് കൊവിഡ് വകഭേദങ്ങളായ ഡെല്‍റ്റയെയും ബീറ്റയെയും അപേക്ഷിച്ച് വീണ്ടും അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍. മൂന്നിരട്ടി കൂടുതലാണെന്നാണ് ശാസ്ത്രജ്ഞര്‍ പറഞ്ഞത്.
ദക്ഷിണാഫ്രിക്കയില്‍ നിന്ന് ശാസ്ത്രജ്ഞര്‍ നടത്തിയ ഒരു പഠന റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. പേപ്പര്‍ ഇതുവരെ അവലോകനം ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ സംവിധാനം ശേഖരിച്ച വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഈ അഭിപ്രായത്തില്‍ എത്തിചേര്‍ന്നിരിക്കുന്നത്.
മുന്‍പുള്ള അണുബാധയില്‍ നിന്ന് ജനങ്ങള്‍ക്ക് ലഭിച്ച പ്രതിരോധശേഷി മറികടക്കാനുള്ള പുതിയ വകഭേദത്തിന്റെ ശേഷിയെപ്പറ്റിയും പഠനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. മെഡിക്കല്‍ പ്രീപ്രിന്റ് സെര്‍വറില്‍ അപ്ലോഡ് ചെയ്യപ്പെട്ട ഈ പഠന റിപ്പോര്‍ട്ട് ഇതുവരെ വിദഗ്ധ പരിശോധനയ്ക്ക് സമര്‍പ്പിച്ചിട്ടില്ല.
എന്നാല്‍, പഠനത്തിന് വിധേയരായ വ്യക്തികള്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിനെ പറ്റി ഗവേഷകര്‍ക്ക് യാതൊരു വിവരവുമില്ല.
ആയതിനാല്‍ വാക്‌സിന്‍ മൂലം ജനങ്ങള്‍ കൈവരിച്ച പ്രതിരോധശേഷിയെ ഒമിക്രോണ്‍ എത്രത്തോളം മറികടക്കുമെന്ന് നിലവില്‍ പറയാന്‍ കഴിയില്ലെന്നും ഗവേഷകര്‍ ഓര്‍മപ്പെടുത്തി.