X
    Categories: Newsworld

ഒമിക്രോണ്‍ വ്യാപനം അതിരൂക്ഷം;നിയന്ത്രണങ്ങളുമായി ലോകരാജ്യങ്ങള്‍

ആരോഗ്യ സംവിധാനങ്ങളെ സമ്മര്‍ദ്ദത്തിലാക്കി അമേരിക്ക മുതല്‍ ഓസ്‌ട്രേലിയ വരെ പ്രമുഖ രാജ്യങ്ങളിലൊക്കെയും ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നു. ബുധനാഴ്ച ഓസ്‌ട്രേലിയയില്‍ 64,758 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഒരുഘട്ടത്തില്‍ നിയന്ത്രണവിധേയമായിരുന്ന കോവിഡ് പൂര്‍വ്വാധികം ശക്തിയോടെ വീണ്ടും തലപൊക്കിത്തുടങ്ങിയത് രാജ്യത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. ന്യൂ സൗത്ത് വേല്‍സ്, വിക്ടോറിയ സംസ്ഥാനങ്ങളിലാണ് കോവിഡ് ഏറെയും റിപ്പോര്‍ട്ട് ചെയ്തത്.

ചൈനയില്‍ നിയന്ത്രങ്ങള്‍ കൂടുതല്‍ കടുപ്പിച്ചുതുടങ്ങി. എട്ട് രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് ഹോങ്കോങ് രണ്ടാഴ്ചത്തേക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്ക, ബ്രിട്ടന്‍, ഫിലിപ്പീന്‍സ്, പാക്‌സിതാന്‍, ഇന്ത്യ, ഫ്രാന്‍സ്, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്കാണ് വിലക്കുള്ളതെന്ന് ഹോങ്കോങ് ചീഫ് എക്‌സിക്യൂട്ടീവ് കാരി ലാം പറഞ്ഞു. രണ്ടാഴ്ചത്തേക്ക് മ്യൂസിയങ്ങള്‍, സ്വിമ്മിങ് പൂളുകള്‍, കായിക കേന്ദ്രങ്ങള്‍, ക്ലബ്ബുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങള്‍ അടച്ചിടും. യാത്രാ കപ്പലുകളെല്ലാം റദ്ദാക്കിയതായും ഹോങ്കോങ് ഭരണകൂടം അറിയിച്ചു.

അഞ്ചാം തരംഗത്തിന്റെ വക്കിലാണ് മേഖലയെന്ന് കാരി ലാം ആശങ്കപ്പെട്ടു. ചൈനയിലും ഹോങ്കോങിലും കടുത്ത നിയന്ത്രങ്ങള്‍ ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. ഇസ്രാഈലില്‍ നാലാം ഡോസ് വാക്‌സിന്‍ നല്‍കുമ്പോഴും കോവിഡ് വ്യാപനം റെക്കോഡ് നിരക്കില്‍ ഉയരുകയാണ്. ഇന്നലെ 12,000 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രാഈലില്‍ നിലവില്‍ 60,000ത്തോളം പേര്‍ കോവിഡ് ബാധിതരായുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. രാജ്യത്ത് ഭൂരിഭാഗം പേരും മൂന്ന് ഡോസ് വാക്‌സിനെടുത്തിട്ടുണ്ട്. അടുത്തിടെ നാലാം ഡോസും നല്‍കിത്തുടങ്ങി. ഫിലിപ്പീന്‍ തലസ്ഥാനമായ മനിലയിലെ പ്രശസ്തമായ ക്രൈസ്തവ തീര്‍ത്ഥാടന സംഗമം കോവിഡ് ഭീതിയെത്തുടര്‍ന്ന് തുടര്‍ച്ചയായി മൂന്നാം ദിവസവും റദ്ദാക്കി. പോളണ്ടില്‍ പ്രസിഡന്റ് ആന്‍ഡ്രെജ് ദുഡയ്ക്ക് കൊറോണ സ്ഥിരീകരിച്ചു.

Test User: