മസ്‌കത്ത്: മത്സ്യത്തൊഴിലാളി ഖാലിദ് അല്‍ സിനായ് തന്റെ യുവത്വം പൂര്‍ണമായും ഒമാനു ചുറ്റുമുള്ള കടലിലാണ് ചെലവഴിക്കുന്നത്. ഓരോ പുതിയ ദിവസവും കടല്‍ കനിയുമെന്ന പ്രതീക്ഷയിലാണ് ഖാലിദിന്റെ യാത്ര. എന്നാല്‍ കഴിഞ്ഞ ആഴ്ച ബോട്ടുമായി കടലില്‍ ഇറങ്ങിയ ഖാലിദിന് തന്റെ ജീവിതം മാറ്റിമറിക്കുന്ന ഭാഗ്യമാണ് വലയില്‍ കുരുങ്ങിയത്. ഖുര്‍യാത്തില്‍ പതിവ് മീന്‍പിടിത്ത യാത്രക്കിടെ ലഭിച്ചത് മെഴുക് സമാനമായ അംബര്‍ഗ്രീസ്. വന്‍തിമിംഗലങ്ങളുടെ കുടലില്‍ നിന്ന് പുറപ്പെടുന്ന പ്രത്യേക വസ്തുവാണിത്. കടലില്‍ ചില മേഖലകളില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കാണപ്പെടുന്ന ഇവ സുഗന്ധ ദ്രവ്യ നിര്‍മാണത്തിന് ഉപയോഗിക്കുന്നുണ്ട്. വിലപിടിപ്പുള്ള ഈ മെഴുകിന് വിപണിയില്‍ കിലോഗ്രാമിന് 13,000 ഒമാന്‍ റിയാല്‍ വിലയുണ്ട്. ഇത്തരത്തില്‍ 80 കിലോ ആണ് ഖാലിദിന് ലഭിച്ചത്.
നല്ല വില ലഭിച്ചാല്‍ പത്ത് ലക്ഷത്തിലേറ റിയാല്‍ മൂന്ന് തൊഴിലാളികള്‍ക്ക് പങ്കു വെക്കാനാകും.
അന്നത്തെ ഭക്ഷണം തേടി 20 വര്‍ഷമായി കടലില്‍ ഇറങ്ങുന്ന അല്‍ സിനാനിയുടെ ഏറെക്കാലത്തെ മോഹമാണ് ഒക്ടോബര്‍ 30ന് കടലില്‍ വിലപിടിപ്പുള്ള മെഴുക് കണ്ടെത്തിയതിലൂടെ പൂവണിഞ്ഞത്. അതേസമയം അത്ര സുഖകരമല്ലാത്ത മണമാണ് ഇതില്‍ നിന്നും പുറപ്പെടുക. എന്നാല്‍ പുറത്തെടുത്ത് രണ്ടു ദിവസം കഴിയുമ്പോള്‍ ഇതിന്റെ രൂക്ഷത കുറഞ്ഞ് സുഖകരമായി മാറുമെന്നാണ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
കയര്‍ ഉപയോഗിച്ച് ഇവ ശേഖരിച്ച് ബോട്ടിലേക്ക് മാറ്റുകയായിരുന്നുവെന്ന് അല്‍ സിനാനി പറഞ്ഞു. വിദഗ്ധര്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം ഉണങ്ങുന്നതിനനുസരിച്ച് ചെറുതായി മുറിച്ച് പിന്നീട് വില്‍പ്പന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എ.ഇയില്‍ നിന്നുള്ള കച്ചവടക്കാരന്‍ 7500 റിയാലും സഊദിയില്‍ നിന്ന് 13500 ഒമാന്‍ റിയാലും കിലോഗ്രാമിന് വില പറഞ്ഞിട്ടുണ്ട്. ഉല്‍പ്പന്നം വാങ്ങാന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അല്‍ സിനാനിയെ തേടിയെത്തുമെന്നാണ് കരുതുന്നത്.