മസ്‌കറ്റ് : ഒമാനിലെ സര്‍ക്കാര്‍ ആശുപത്രികള്‍ പൂര്‍ണമായി കാഷ്‌ലെസ് ഇടപാട് സംവിധാനത്തിനു കീഴില്‍ കൊണ്ടുവരാന്‍ ഭരണകൂടം ഒരുങ്ങുന്നു. അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ എല്ലാത്തരം പണമിടപാടുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കുമെന്ന് ആരോഗ്യ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. ജനുവരി മുതല്‍ ആശുപത്രികളിലെ എല്ലാത്തരം ഫീസുകളും മറ്റു ചാര്‍ജുകളും ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് മുഖേന മാത്രമെ അടക്കാന്‍ സാധിക്കുകയുള്ളൂ. ആയതിനാല്‍ എ.ടി.എം കാര്‍ഡുകള്‍ കൊണ്ടുവരാന്‍ മറക്കരുതെന്നും മന്ത്രാലയം വക്താവ് ട്വീറ്റില്‍ ഓര്‍മിപ്പിച്ചു.
ഒമാനിലെ ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ ഇ-ഗവണ്‍മെന്റ് പൂര്‍ണമായും നടപ്പില്‍ വരുത്തുന്നതിന്റെ ആദ്യ പരീക്ഷണം എന്ന നിലയിലാണ് ആശുപത്രികളില്‍ കാഷ്‌ലെസ് സംവിധാനം നടപ്പാക്കാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് പേയ്‌മെന്റ് നടത്തുന്നതിനുവേണ്ടി ആവശ്യമായ ഇലക്ട്രോണിക് മെഷിനുകള്‍ സ്ഥാപിച്ചിരുന്നു. നിലവില്‍ രാജ്യത്തെ ആശുപത്രികളില്‍ പണം വഴിയും ഇ-പേയ്‌മെന്റ് വഴിയുമാണ് ഫീസും മറ്റു അനുബന്ധ ചാര്‍ജുകളും ജനങ്ങള്‍ ഒടുക്കുന്നത്.