മസ്‌കറ്റ്: ഒമാനില്‍ വിസകള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി ഭരണകൂടം. വിവിധ വിഭാഗങ്ങളിലെ 87 തസ്തികകളിലേക്ക് ആറുമാസത്തേക്കാണ് വിസ അനുവദിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്വദേശിവല്‍കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വിദേശികള്‍ക്ക് ചില മേഖലയില്‍ വിസ അനുവദിക്കേണ്ടയെന്ന തീരുമാനം ഒമാന്‍ ഭരണകൂടം കൈക്കൊണ്ടത്. ഇന്ത്യക്കാരടക്കമുള്ള വിദേശികളെ വിസ നിരോധനം സാരമായി ബാധിക്കും. ഞായറാഴ്ച രാവിലെ ഇതുസംബന്ധിച്ച് ഉത്തരവ് മനുഷ്യവിഭവശേഷി മന്ത്രാലയം പുറത്തിറക്കുകയായരുന്നു.
ഐ.ടി, അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍സ്, മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്, അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഹ്യൂമന്‍ റിസോഴ്‌സസ്, ഇന്‍ഷുറന്‍സ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് മീഡിയ, മെഡിക്കല്‍, എന്‍ജിനീയറിങ്, ടെക്‌നിക്കല്‍, എയര്‍പോര്‍ട്ട് എന്നീ വിഭാഗങ്ങളിലെ തസ്തികകളിലാണ് നിരോധനം.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തില്‍ 25000 പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അന്ന് ഒമാന്‍ ഗവണ്‍മെന്റ് അറിയിച്ചിരുന്നു. രാജ്യത്തെ സ്വദേശികളില്‍ തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നത് ഭരണകൂടം ഗൗരവമായി കാണുന്നതെന്നും ഉടന്‍ പൊതു-സ്വകാര്യ മേഖലയില്‍ ഒമാന്‍ പൗരന്‍മാര്‍ക്ക് ജോലി ലഭിക്കാനുള്ള അവസരം സൃഷ്ടിക്കാനുള്ള വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കഴിഞ്ഞ ആഴ്ച നടന്ന മന്ത്രിമാരുടെ കൗണ്‍സിലില്‍ പ്രസ്താവന പുറത്തിറക്കിയിരുന്നു. കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് ഒമാന്‍ നേരിടുന്നത്. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 2017 ഓടെ ഏതാണ്ട് 60,000 ബിരുദധാരികള്‍ ഒമാനില്‍ തൊഴിലില്ലായ്മ നേരിട്ടുണ്ട്.