X

സമാധാന ശില്‍പിയായി ഒമാന്‍-ഡോ. അലി അസ്ഗര്‍ ബാഖവി കാവനൂര്‍

ആധുനിക അറബ് നഗരങ്ങളുടെ ബഹളങ്ങളൊന്നും മസ്‌കത്തിനില്ല. അയല്‍ രാജ്യമായ യമന്‍ ആഭ്യന്തര യുദ്ധത്തില്‍ കത്തിയെരിയുമ്പോഴും ഒമാന്‍ (ഉമാന്‍) തലസ്ഥാന നഗരി ശാന്തമാണ്. ട്രാഫിക്ക് കുരുക്കും അംബരചുംബികളുടെ കരിനിഴലുമില്ലാതെ എല്ലാം ശാന്തം; സുന്ദരം. സഊദി അറേബ്യയും യു.എ.ഇയും ലക്ഷ്യമിട്ട് ഇറാന്‍ പിന്തുണയുള്ള ഹൂഥി വിമതര്‍ തൊടുക്കുന്ന മിസൈലുകള്‍ ഒന്നുപോലും ഒമാനെ തേടി എത്തിയിട്ടില്ല. പശ്ചിമേഷ്യയില്‍ പ്രക്ഷുബ്ധത തളംകെട്ടിനില്‍ക്കുമ്പോഴും ഒന്നുമറിഞ്ഞില്ലെന്ന മട്ടില്‍ ഒമാന്‍ തലയുയര്‍ത്തി നില്‍ക്കുന്നു. അറബ് ലോകത്ത് ഒത്തുതീര്‍പ്പിന്റെയും അനുരഞ്ജനത്തിന്റെയും നേതൃസ്ഥാനം സ്വയം ഏറ്റെടുത്തിരിക്കുന്ന രാജ്യം. ഭൂ വിസ്തൃതിയില്‍ രണ്ടാം സ്ഥാനത്തുനില്‍ക്കുന്ന ഈ ഗള്‍ഫ് രാജ്യത്തിന് ശത്രുക്കളില്ല. മിത്രങ്ങള്‍ ധാരാളം.

നിര്‍ഭയമായൊരു ജീവിതം തങ്ങള്‍ക്ക് കൈവന്നത് പ്രവാചകന്റെ പ്രാര്‍ത്ഥനയിലൂടെയാണെന്ന് ഒമാനികള്‍ പറയും. ഇസ്‌ലാമിന്റെ സത്യവെളിച്ചം രാജ്യത്തേക്ക് കൊണ്ടുവന്ന മാസിം ബിന്‍ ഗളൂബ പ്രവാചകനോട് പ്രത്യേകം ചോദിച്ചു വാങ്ങിയ സുരക്ഷാവലയത്തിലാണ് ഒമാന്‍ ഇപ്പോഴുള്ളത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ നിയോഗത്തിന് മുമ്പ് വിഗ്രഹാരാധനയായിരുന്നു അവരുടെയും പതിവ്. സമാഇല്‍ എന്ന ഗ്രാമത്തില്‍ വിഗ്രഹാരാധകനായിരുന്ന മാസിം ഒരു അശരീരി കേട്ടാണ് പ്രവാചകനെ കാണാന്‍ പുറപ്പെട്ടത്. നബിക്കുമുന്നില്‍ അദ്ദേഹം തന്റെ ദൗര്‍ബല്യങ്ങളുടെ കെട്ടഴിച്ചു. അവയില്‍നിന്ന് മോചിതനാകാന്‍ പ്രാര്‍ത്ഥിക്കണമെന്ന് പ്രവാചകനോട് ആവശ്യപ്പെട്ടു. ഇസ്‌ലാം ആശ്ലേഷിച്ച് ഒമാനിലേക്ക് മടങ്ങുന്നതിനുമുമ്പ് സ്വന്തം നാടിനെയും നബിയുടെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്താന്‍ അദ്ദേഹം ആശിച്ചു. പുറത്തുനിന്ന് ഒരാളും ഒമാനെ ആക്രമിക്കില്ലെന്ന് പ്രവാചകന്‍ ഉറപ്പുനല്‍കി. നബിയുടെ വാക്കുകള്‍ ഇന്നും സത്യമായി ആ രാജ്യത്തെ പുണര്‍ന്നുനില്‍ക്കുന്നുണ്ട്. അതിനുശേഷം ബാഹ്യശത്രുവായി ഒരു ശക്തിയേയും ഒമാനികള്‍ക്ക് ഭയക്കേണ്ടിവന്നിട്ടില്ല. അതോടൊപ്പം സമാധാന ദൗത്യങ്ങളുടെ നേതൃസ്ഥാനത്തേക്ക് ആ രാജ്യം ഉയര്‍ത്തപ്പെടുകയും ചെയ്തു.

ഒമാന്റെ നയതന്ത്ര പാടവം പ്രസിദ്ധമാണ്. മലപോലെ വന്ന പല സംഘര്‍ഷങ്ങളും മസ്‌കത്തില്‍ മഞ്ഞുപോലെ ഉരുകിപ്പോയിട്ടുണ്ട്. ഇതേക്കുറിച്ച് അഭിമാനത്തോടെ മാത്രമാണ് ഒമാന്റെ യു.എന്‍ അംബാസഡര്‍ ഡോ. മുഹമ്മദ് അല്‍ ഹസന്‍ പറയാറുള്ളത്. ‘ഞങ്ങള്‍ അധികം സംസാരിക്കാറില്ല. ധാരാളം പ്രവര്‍ത്തിക്കുന്നു. സമാധാനത്തെ അന്വേഷിച്ചു പോകുകയാണ് വേണ്ടത്. ഞങ്ങള്‍ സമാധാനത്തെക്കുറിച്ച് ചിന്തിക്കുന്നു. അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നു.’ നിരാശകള്‍ക്കിടയില്‍ പ്രതീക്ഷകളെ അന്വേഷിക്കുന്നവരാണ് ഒമാനികളെന്ന് അദ്ദേഹം പറയും. ലോകത്ത് എണ്ണക്കപ്പലുകള്‍ കടന്നുപോകുന്ന പ്രധാന കടല്‍ പാതയാണ് ഒമാന്‍ ഉള്‍ക്കടല്‍. പലപ്പോഴും അവിടെ ഉരുണ്ടുകൂടാറുള്ള സംഘര്‍ഷങ്ങളൊന്നും ഒമാനിലേക്ക് എത്തിനോക്കാറില്ല. ഒരുകാലത്ത് സ്വന്തം ജീവിതത്തില്‍ ഒതുങ്ങിക്കൂടിയിരുന്ന ഒമാനെ അന്താരാഷ്ട്ര വേദികളിലേക്ക് കൈപിടിച്ചുയര്‍ത്തിയതില്‍ മുന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ആല്‍ സഈദിന് നിര്‍ണായക പങ്കുണ്ട്. 1970ല്‍ അദ്ദേഹം അധികാരമേറ്റെടുത്ത ശേഷമാണ് രാജ്യം ആധുനിക പുരോഗതിയുടെ ട്രാക്കിലേക്ക് കയറിയത്. ലോകത്ത് നല്ലതെന്ന് തോന്നിയ എല്ലാ സൗകര്യങ്ങളും തന്റെ ജനതക്കും വേണമെന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചു. അതിനുവേണ്ടി പ്രയത്‌നിച്ചു. ചുരുങ്ങിയ കാലം കൊണ്ട് ലോകോത്തര നിലവാരത്തിലേക്ക് ഒമാനെ ഉയര്‍ത്തുകയും ചെയ്തു.

പക്ഷങ്ങള്‍ ചേരാതെയും ചോര ചിന്തുന്നിടത്ത് സമാധാന വാഹകനായും ഒമാനെ വളര്‍ത്തിയതില്‍ സുല്‍ത്താന്‍ ഖാബൂസിന് വലിയ പങ്കുണ്ട്. ഗള്‍ഫ് ലോകത്തെ പ്രശ്‌നങ്ങളില്‍ നിഷ്പക്ഷത പുലര്‍ത്താന്‍ അദ്ദേഹം ശ്രദ്ധവെച്ചു. എല്ലാവരുടെയും സുഹൃത്താണ് ഒമാന്‍. പാശ്ചാത്യ ലോകത്തിനും അറബ് ലോകത്തിനുമിടക്ക് സുല്‍ത്താന്‍ ഖാബൂസ് സൗഹൃദത്തിന്റെ പാലം പണിതു. ആണവ പ്രശ്‌നത്തില്‍ പാശ്ചാത്യ ശക്തികള്‍ ഇറാനെതിരെ തിരിഞ്ഞപ്പോള്‍ അനുരഞ്ജനത്തിന് വഴിയൊരുക്കിയത് ഒമാനാണ്. 2013ല്‍ ഒമാന്‍ മധ്യസ്ഥതയില്‍ ഇറാനും അമേരിക്കയും നടത്തിയ രഹസ്യ ചര്‍ച്ചകളാണ് രണ്ടു വര്‍ഷത്തിനു ശേഷം അന്താരാഷ്ട്ര ആണവ കരാറിലേക്ക് വഴിതുറന്നതെന്ന യാഥാര്‍ഥ്യം അധികമാര്‍ക്കും അറിയില്ല. മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തകര്‍ത്ത ആണവ കരാറിലേക്ക് അമേരിക്കയെ തിരിച്ചുകൊണ്ടുവരാന്‍ നടത്തുന്ന അന്താരാഷ്ട്ര നീക്കങ്ങളിലും ഒമാന്റെ നയതന്ത്ര സ്പര്‍ശമുണ്ട്. ഇപ്പോള്‍ വിയന്നയില്‍ ഇറാനും വന്‍ശക്തികളും നടത്തുന്ന ചര്‍ച്ചക്കിടയിലും ഒമാന്റെ സാന്നിധ്യം പ്രകടമാണ്. സമാധാനത്തിന് വേദിയൊരുക്കുകയും അതിന്റെ പിതൃത്വം അവകാശപ്പെട്ട് പരസ്യ ബഹളങ്ങള്‍ക്ക് നില്‍ക്കാതെ മാറിനില്‍ക്കുകയുമാണ് ഒമാന്റെ നയതന്ത്ര ശൈലി.

പൗരാണിക കാലം മുതല്‍ തന്നെ ലോകത്തിന്റെ മുക്കുമൂലകളില്‍ ഒമാനികള്‍ എത്തിയിരുന്നു. അറബികള്‍ക്കിടയില്‍ കടല്‍ കടന്ന് ആദ്യമായി കച്ചവടം തുടങ്ങിയതും അവരാണ്. സമുദ്രമാര്‍ഗം ഇന്ത്യയില്‍ ആദ്യമെത്തിയ യൂറോപ്യന്‍ സഞ്ചാരിയായ വാസ്‌കോ ഡ ഗാമക്ക് കേരളത്തിലെ കാപ്പാട്ടേക്കുള്ള വഴി കാണിച്ചുകൊടുത്ത അറബി നാവികന്‍ അഹ്മദ് ബിന്‍ മാജിദ് ഒമാന്‍കാരനായിരുന്നു. ഇന്ത്യയിലേക്കുള്ള യാത്രക്കിടെ കടലില്‍ ചുറ്റിത്തിരിഞ്ഞ് ആഫ്രിക്കന്‍ തീരത്തെത്തിയ ഗാമക്ക് അദ്ദേഹം വഴികാട്ടിയായി.

ഇന്നും സംഘര്‍ഷങ്ങളുടെ ഇരുട്ടില്‍ തപ്പിത്തടയുന്ന അന്താരാഷ്ട്ര സമൂഹത്തെ സമാധാന തീരത്തേക്ക് വഴികാട്ടുന്ന നാവികനായി ഒമാന്‍ പ്രശോഭിച്ചുനില്‍ക്കുന്നു. ഖാബൂസ് വെട്ടിത്തുറന്ന വികസന പാതയിലൂടെയാണ് പുതിയ സുല്‍ത്താന്‍ ഹൈഥം ബിന്‍ താരിഖ് ആല്‍ സഈദും രാജ്യത്തെ മുന്നോട്ട് നയിക്കുന്നത്. സമ്പദ്ഘടനയെ കൂടുതല്‍ ശക്തമാക്കുന്നതോടൊപ്പം സമാധാനത്തില്‍ അധിഷ്ഠിതമായ വിദേശകാര്യ നയങ്ങളുമായി അദ്ദേഹം ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞു. സ്വന്തം പൗരന്മാരുടെ ക്ഷേമം മാത്രം സ്വപ്‌നം കാണുകയും ക്രിയാത്മക പദ്ധതികളിലൂടെ അതിനുവേണ്ടി പ്രയത്‌നിക്കുകയും ചെയ്യുന്ന ഭരണകൂടത്തെക്കുറിച്ച് ജനങ്ങള്‍ക്കും പരാതികളില്ല. പതിഞ്ഞ സ്വരത്തില്‍ ഭരണകൂടത്തെ പ്രശംസിക്കാന്‍ അവര്‍ ഏറെ തല്‍പരരാണ്.

Test User: