മസ്‌കറ്റ്: ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് സാന്നിദ്ധ്യം ചില രാജ്യങ്ങളില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരാഴ്ചയായി അടച്ചിട്ടിരിക്കുന്ന അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറക്കാന്‍ ഒമാന്‍. ഡിസംബര്‍ 29 ചൊവ്വാഴ്ചയാണ് കര, നാവിക, വ്യോമ അതിര്‍ത്തികള്‍ തുറക്കുക.
സുപ്രീം കമ്മിറ്റിയാണ് അതിര്‍ത്തികള്‍ തുറക്കാനുള്ള തീരുമാനമെടുത്തത്. ഇതോടെ രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള വിമാന സര്‍വീസുകളും പുനരാരംഭിക്കും.
അതേ സമയം ഒമാനിലേക്ക് പുറപ്പെടുന്ന മറ്റെല്ലാ രാജ്യങ്ങളിലുള്ള യാത്രക്കാര്‍ക്കും 72 മണിക്കൂറിനിടയിലുള്ള നെഗറ്റീവ് പിസിആര്‍ പരിശോധാനാ റിപ്പോര്‍ട്ട് ആവശ്യമാണ്. ഇതിന് പുറമെ ഒമാനിലെ വിമാനത്താവളത്തില്‍ എത്തിയ ശേഷം ഒരു തവണ കൂടി പിസിആര്‍ പരിശോധനക്ക് വിധേയമാവുകയും വേണം. അതേസമയം ഏഴ് ദിവസത്തില്‍ കുറഞ്ഞ കാലയളവ് മാത്രം രാജ്യത്ത് തങ്ങുന്ന സന്ദര്‍ശകര്‍ക്ക് ക്വാറന്റീന്‍ ബാധകമാവില്ലെന്നും സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്.