X

ഓം ബിർള ലോക്സഭാ സ്പീക്കർ

18ാം ലോക്‌സഭയുടെ സ്പീക്കറായി ഓം ബിര്‍ളയെ തിരഞ്ഞെടുത്തു. ശബ്ദവോട്ടോടുകൂടിയാണ് ഓം ബിര്‍ളയെ സ്പീക്കറായി തിരഞ്ഞെടുത്തത്. ഓം ബിര്‍ള യെ സ്പീക്കറായി തെരഞ്ഞെടുക്കണം എന്ന പ്രമേയം പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വക്കുകയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രമേയത്തെ പിന്തുണക്കുകയും ചെയ്തു.

പിന്നാലെ എന്‍ഡിഎ സഖ്യകക്ഷികള്‍ പിന്തുണച്ചു. പ്രതിപക്ഷത്തുനിന്ന് കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷാണ് മത്സരിച്ചത്. കൊടിക്കുന്നിലിന് തൃണമൂല്‍ പിന്തുണ നല്‍കിയപ്പോള്‍ ഓം ബിര്‍ളയ്ക്ക് വൈഎസ്ആര്‍ കോണ്‍ഗ്രസ് പിന്തുണ നല്‍കി.

തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം ബിര്‍ള സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുന്നത്. സുമിത്ര മഹാജന് ശേഷം 2019 ല്‍ ആദ്യമായി ലോക്‌സഭാ സ്പീക്കറായി. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ചേര്‍ന്നാണ് പുതിയ സ്പീക്കറെ ചേമ്പറിലേക്ക് ആനയിച്ചത്. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഓം ബിര്‍ളയെ അഭിനന്ദിച്ചു.

അതേസമയം 17ാം ലോക്‌സഭയില്‍ 146 എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത ഓം ബിര്‍ളയുടെ നടപടി വിവാദമായിരുന്നു. പ്രതിപക്ഷത്തെ പരിഗണിക്കുന്നില്ലെന്ന ആക്ഷേപം അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു. മഹുവ മൊയ്ത്രയ്‌ക്കെതിരായ നടപടിക്ക് അനുമതി നല്‍കിയത് ഓം ബിര്‍ളയായിരുന്നു.

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തില്‍ ഉറപ്പ് ലഭിക്കാത്തതിനാലാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് ഓം ബിര്‍ളക്കെതിരായി മത്സരിക്കാന്‍ ഇന്ത്യ മുന്നണി തീരുമാനിച്ചത്. സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തില്‍ ആകെ രണ്ട് പ്രാവശ്യം മാത്രമാണ് സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് മത്സരം നടന്നത്. അവസാനമായി മത്സരം നടന്നത് 1976ല്‍ അടിയന്തരാവസ്ഥ സമയത്താണ്. വര്‍ഷങ്ങള്‍ക്ക് ശേഷം പതിനെട്ടാമത് ലോക്‌സഭയിലാണ് മൂന്നാമതൊരു മത്സരം നടക്കുന്നത്.

webdesk13: