X

ഒളിംപിക്‌സ്: മൊറോക്കോയ്‌ക്കെതിരായ മത്സരത്തിലെ അനിഷ്ട സംഭവങ്ങള്‍; ഫിഫയ്ക്ക് പരാതി നല്‍കി അര്‍ജന്റീന

ഒളിംപിക്‌സ് ഫുട്ബോളില്‍ മൊറോക്കോയ്ക്കെതിരേ ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തിലെ നാടകീയ സംഭവങ്ങളില്‍ ഫിഫയ്ക്ക് പരാതി നല്‍കി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍. ഫിഫയുടെ അച്ചടക്ക സമിതി മുമ്പാകെയാണ് അര്‍ജന്റീന ഔദ്യോഗികമായി പരാതി നല്‍കിയത്.

ഒന്നിനെതിരേ 2 ഗോളുകള്‍ക്ക് മൊറോക്കോ മുന്നിട്ടുനില്‍ക്കേ 16 മിനിറ്റ് ഇന്‍ജുറി ടൈം അനുവദിച്ച മത്സരത്തിന്റെ അവസാന നിമിഷം അര്‍ജന്റീന സമനില ഗോള്‍ നേടിയിരുന്നു. ഇതിനു പിന്നാലെ മൊറോക്കന്‍ കാണികള്‍ മൈതാനത്തേക്കിറങ്ങി അക്രമാസക്തരായതോടെ റഫറി മത്സരം നിര്‍ത്തിവെയ്ക്കുകയായിരുന്നു. അര്‍ജന്റീന താരങ്ങള്‍ക്കുനേരേ പടക്കമേറും കുപ്പിയേറുമുണ്ടായി. കളി തീര്‍ന്നെന്നാണ് ഇതോടെ എല്ലാവരും കരുതിയത്. പക്ഷേ സുരക്ഷാ നടപടികളുടെ ഭാഗമായി അധികൃതര്‍ മത്സരം നിര്‍ത്തി വയ്ക്കുകയായിരുന്നുവെന്ന് പിന്നീട് വിശദീകരണം വന്നു.

പിന്നാലെ ഒന്നര മണിക്കൂറിന് ശേഷം വാര്‍ പരിശോധിച്ച റഫറി അര്‍ജന്റീന നേടിയ രണ്ടാം ഗോള്‍ ഓഫ് സൈഡാണെന്ന് വിധിച്ച് ഗോള്‍ നിഷേധിക്കുകയായിരുന്നു. ഇതോടെ മത്സരം അര്‍ജന്റീന തോറ്റു. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് കാണികളെ സ്റ്റേഡിയത്തില്‍ നിന്ന് ഒഴിപ്പിച്ച് മത്സരം പുനരാരംഭിക്കുകയും ചെയ്തു. മൂന്നു മിനിറ്റും 15 സെക്കന്‍ഡുമാണ് പിന്നീട് മത്സരം നടത്തിയത്. ഈ സമയത്ത് ഗോള്‍ നേടാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചതുമില്ല.

മൊറോക്കന്‍ കാണികള്‍ മൈതാനത്തേക്ക് അതിക്രമിച്ച കടന്ന ശേഷം റഫറി താത്കാലികമായി നിര്‍ത്തിവെച്ച മത്സരം പുനരാരംഭിക്കാന്‍ കളിക്കാര്‍ക്ക് ലോക്കര്‍ റൂമില്‍ 2 മണിക്കൂറോളമാണ് കാത്തിരിക്കേണ്ടിവന്നതെന്നും ഇത് ബുദ്ധിശൂന്യവും മത്സര നിയമങ്ങള്‍ക്ക് വിരുദ്ധവുമായിരുന്നുവെന്നും അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയ പ്രസ്താവനയില്‍ പറഞ്ഞു.

കളി പുനരാരംഭിക്കേണ്ടതില്ലെന്ന ഇരു ടീം ക്യാപ്റ്റന്മാരുടെ അഭിപ്രായങ്ങളും റഫറി പരിഗണിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. ഇത്തരം സംഭവങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ടാപിയ ആവശ്യപ്പെട്ടു. ‘എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ സര്‍ക്കസ്’ എന്നാണ് അര്‍ജന്റീന കോച്ച് ഹാവിയര്‍ മഷറാനോ സംഭവങ്ങളെ വിശേഷിപ്പിച്ചത്.

webdesk13: