പാരിസ് ഒളിമ്പിക്‌സിൽ ഇരട്ട വെങ്കല മെഡലുകൾ നേടി ചരിത്രം കുറിച്ച ഒളിമ്പിക് പിസ്റ്റൾ ഷൂട്ടർ മനു ഭാകർ കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി തലസ്ഥാനത്തെ വസതിയിൽ കൂടിക്കാഴ്ച നടത്തി. താരം സോണിയ ഗാന്ധിക്കൊപ്പം നിൽക്കുന്ന ചിത്രം എക്സിലൂടെ കോൺഗ്രസ് പാർട്ടി തന്നെയാണ് പുറത്തുവിട്ടത്.
ബുധനാഴ്ച രാവിലെ ഡൽഹിയിലെത്തിയ താരത്തിന് വൻ സ്വീകരണം ലഭിച്ചിരുന്നത്. കുടുംബത്തോടൊപ്പം നൂറോളം ആളുകളാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ താരത്തെ സ്വീകരിക്കാനെത്തിയത്. കോച്ച് ജസ്പാൽ റാണക്കൊപ്പമാണ് മനു നാട്ടിലേക്കെത്തിയത്.
വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിങ്ങിലും അതേ ദൂരത്തിൽ തന്നെ ഷൂട്ടിങ് മിക്സ്ഡ് ഇവന്റിലും മനു വെങ്കലം കരസ്ഥമാക്കി. രണ്ടാം മെഡൽ നേട്ടത്തിൽ മനുവിനൊപ്പം സരബ്ജോത് സിങ്ങുമുണ്ടായിരുന്നു. 1900 ഒളിമ്പിക്സിൽ 200 മീറ്റർ സ്പ്രിൻ്റിലും 200 മീറ്റർ ഹർഡിൽസിലും രണ്ട് വെള്ളി മെഡലുകൾ നേടിയ ബ്രിട്ടീഷ്-ഇന്ത്യൻ അത്‌ലറ്റ് നോർമൻ പ്രിച്ചാർഡിന് ശേഷം ഇത്തരമൊരു നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് മനു.