X
    Categories: MoreViews

സിന്തറ്റിക് ഉഷ

കോഴിക്കോട്: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമം. കിനാലൂരിലെ പുതിയ സിന്തറ്റിക് ട്രാക്കില്‍ ഒളിംപ്യന്‍ പി.ടി ഉഷയുടെ ശിഷ്യര്‍ക്ക് ഇനി കുതിക്കാം; പുതിയ ദൂരവും വേഗവും കീഴടക്കാന്‍. സ്വന്തമായൊരു സിന്തറ്റിക് ട്രാക്കെന്ന ഉഷയുടെ ഏറെകാലത്തെ കാത്തിരിപ്പാണ് ഒടുവില്‍ യാഥാര്‍ത്ഥ്യമാകുന്നത്. വ്യാഴാഴ്ച ഉച്ചക്ക് മൂന്ന്മണിക്ക് കിനാലൂര്‍ ഉഷ സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം നിര്‍വഹിക്കും. കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന സ്‌പോര്‍ട്‌സ് മന്ത്രി എ.സി മൊയ്തീന്‍ മുഖ്യപ്രഭാഷണം നടത്തും. എം.പിമാര്‍ എം.എല്‍.എമാര്‍ ജനപ്രതിനിധികള്‍ പങ്കെടുക്കും.

എട്ട് ലൈനോട് കൂടിയ സിന്തറ്റിക്ട്രാക്കും ജംപിങ്, ത്രോയിങ് പിറ്റുകള്‍ അടക്കമുള്ള എല്ലാ സംവിധാനങ്ങളോടെയുമാണ് സിന്തറ്റിക് ട്രാക്ക് പൂര്‍ത്തിയായത്. 8.28 കോടി രൂപയാണ് ചെലവഴിച്ചാണ് ട്രാക്ക് യഥാര്‍ത്ഥ്യമാക്കിയത്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഉഷസ്‌കൂള്‍ സന്ദര്‍ശിച്ച് അന്നത്തെ കേന്ദ്രകായികമന്ത്രി അജയ് മാക്കനാണ് പദ്ധതിക്കായി തുക അനുവദിച്ചത്. 2011 ഒക്‌ടോബറില്‍ അജയ് മാക്കാന്‍ പ്രവൃത്തി ഉദ്ഘാടനവും നിര്‍വ്വഹിച്ചു. ജര്‍മനിയിലെ പോളടാന്‍ എന്ന കമ്പനി ടി ആന്‍ഡ് എഫ് സ്‌പോര്‍ട്‌സ് ഇന്‍ഫ്രാടെക്കുമായി സഹകരിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പിനായിരുന്നു (സിപിഡബ്ല്യുഡി) നിര്‍മാണ ചുമതല. സായിയായിരുന്നു മേല്‍നോട്ടച്ചുമതല. ട്രാക്കിന് അകത്തും പുറത്തും വെച്ചുപിടിപ്പിച്ച പുല്ലുകള്‍ വളര്‍ന്നു കഴിഞ്ഞു. എല്ലാം കൊണ്ടും രാജ്യാന്തര നിലവാരമുള്ള സിന്തറ്റിക് ട്രാക്കാണ് ഉഷ സ്‌കൂളില്‍ തയ്യാറായിരിക്കുന്നത്. ട്രാക്കില്‍ അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കിയാല്‍ ഇന്ത്യന്‍ ഗ്രാന്റ് പ്രീ ഉള്‍പ്പടെയുള്ള മത്സരങ്ങള്‍ നടത്താന്‍ ഒരുക്കമാണെന്ന് പി.ടി ഉഷ പറഞ്ഞു. 1980ലെ മോസ്‌കോ ഒളിംപിക്‌സില്‍ പങ്കെടുക്കുമ്പോഴാണ് ആദ്യമായി സിന്തറ്റിക് ട്രാക്ക് കണ്ടത്. വളരെ കാലത്തെ പ്രയത്‌നത്തിലൂടെയാണ് ട്രാക്ക് സജ്ജമായത്. കായിക രംഗത്ത് വലിയ ഉണര്‍വ്വിന് ഇത് സഹായകരമാകും. ഇന്ത്യയിലെ മികച്ച സിന്തറ്റിക് ട്രാക്കുകളിലൊന്നാണ് കിനാലൂരിലേതെന്നും അവര്‍ അഭിപ്രായപ്പെട്ടു. സ്വന്തം മണ്‍ട്രാക്കില്‍ ദീര്‍ഘകാലം പരിശീലനം നടത്തിയ സ്‌കൂളിലെ താരങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിനെയാണ് ആശ്രയിച്ചിരുന്നത്. സിന്തറ്റിക്ട്രാക്ക് യഥാര്‍ത്ഥ്യമായെങ്കിലും അതിന്റെ പ്രയോജനം പൂര്‍ണമായും ലഭിക്കാന്‍ ഇനിയും നിരവധി വികസനങ്ങള്‍ പൂര്‍ത്തിയാകേണ്ടതുണ്ട്. സന്ദര്‍ശക ഗ്യാലറി, അത്‌ലറ്റികള്‍ക്ക് വേണ്ട ചെയ്ഞ്ചിങ് റൂം എന്നിവ അടുത്തഘട്ടത്തില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമിടുന്നത്. രാത്രി കാലങ്ങളില്‍ പരിശീലനം നടത്താന്‍ ഫഌഡ്‌ലൈറ്റുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. സിന്തറ്റിക് ട്രാക്കിനോട് ചേര്‍ത്തുവെച്ച പുല്ലിന്റെ പരിപാലനത്തിന് മികച്ച നിലവാരമുള്ള സ്പ്രിങ്കര്‍ സംവിധനവും ജലം സംഭരിക്കാന്‍ ശേഷിയുള്ള ഓവര്‍ഹെഡ് ടാങ്കും സ്ഥാപിക്കണം. 2002ല്‍—ഒളിമ്പ്യന്‍ പി ടി ഉഷ പ്രസിഡന്റും പി എ അജനചന്ദ്രന്‍ ജനറല്‍ സെക്രട്ടറിയും വി ശ്രീനിവാസന്‍ ട്രഷററുമായി ഉഷ സ്‌കൂള്‍ സ്ഥാപിതമായത്. കൊയിലാണ്ടിയിലെ വാടകകെട്ടിടത്തിലെ പരിമിത സൗകര്യങ്ങളില്‍ തുടക്കം കുറിച്ച സ്ഥാപനം പതിനഞ്ച് വര്‍ഷം പിന്നീടുമ്പോഴാണ് വളര്‍ച്ചയുടെ ഏറ്റവും വലിയനേട്ടത്തിലേക്കാണ് എത്തിയത്. 2008 എപ്രിലിലാണ് സ്‌കൂള്‍ കിനാലൂരിലേക്ക് മാറ്റി സ്ഥാപിച്ചത്. തനിക്ക് നഷ്ടപ്പെട്ട ഒളിംപിക്‌സ് മെഡല്‍ നേട്ടം ശിഷ്യരിലൂടെ കൈവരിക്കാനുള്ള ഉഷയുടെ ശ്രമങ്ങള്‍ക്ക് പുതിയ വേഗം നല്‍കുകയാണ് സിന്തറ്റിക് ട്രാക്ക്. വാര്‍ത്താസമ്മേളനത്തില്‍ പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍വരദൂര്‍, പി.എ അജനചന്ദ്രന്‍, എം.പി രാമദാസ് എന്നിവര്‍ പങ്കെടുത്തു.

chandrika: