X

വനിതാ ലോകകപ്പില്‍ ഒല്‍ഗ ഫൈനല്‍ കളിച്ചത് പിതാവിന്റെ വിയോഗമറിയാതെ

സിഡ്‌നി: ഫിഫ വനിതാ ലോകകപ്പ് ഫൈനലില്‍ സ്പാനിഷ് നായിക ഒല്‍ഗ കാര്‍മോണ ഇംഗ്ലണ്ടിനെതിരെ പന്ത് തട്ടിയത് സ്വന്തം പിതാവിന്റെ വിയോഗ വാര്‍ത്തയറിയാതെ. ഞായറാഴ്ച്ച രാത്രിയായിരുന്നു സിഡ്‌നിയിലെ കശാലപ്പോരാട്ടം. ഒല്‍ഗയുടെ ഗോള്‍ മികവില്‍ സ്‌പെയിന്‍ ചരിത്രത്തില്‍ ആദ്യമായി വനിതാ ലോകകപ്പ് ഉയര്‍ത്തുകയും ചെയ്തു. പക്ഷേ മകള്‍ നിര്‍ണായക മല്‍സരത്തിനിറങ്ങുന്നതിന് മുമ്പ് തന്നെ പിതാവ് ലോകത്തോട് വിടപറഞ്ഞിരുന്നു. ചരിത്രത്തില്‍ ആദ്യമായി സ്വന്തം രാജ്യം ഫൈനല്‍ കളിക്കുമ്പോള്‍ ആ നിര്‍ണായക മല്‍സരത്തില്‍ മാത്രം ശ്രദ്ധിക്കാന്‍ ഒല്‍ഗയുടെ കുടുംബവും സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷനും ചേര്‍ന്നാണ് ഈ കാര്യം തീരുമാനിച്ചത്.

സ്പാനിഷ് വനിതാ ലീഗില്‍ റയല്‍ മാഡ്രിഡിനായി കളിക്കുന്ന 23-കാരി ഫൈനലിന്റെ ഒന്നാം പകുതിയില്‍ തകര്‍പ്പന്‍ ഗോളും നേടിയിരുന്നു. വെള്ളിയാഴ്ച്ച തന്നെ ഒല്‍ഗയുടെ പിതാവ് മരിച്ചിരുന്നു. ഇക്കാര്യം കുടുംബത്തിലെ എല്ലാവര്‍ക്കുമറിയാമായിരുന്നു. കുടുംബാംഗങ്ങളില്‍ ചിലര്‍ ഞായറാഴ്ച്ച സിഡ്‌നിയിലെത്തുകയും ചെയ്തിരുന്നു. ഒല്‍ഗ ഫൈനല്‍ കളിക്കുമ്പോള്‍ അവള്‍ക്ക് മാനസിക പിന്തുണ നല്‍കാനായിരുന്നു ഇവരെത്തിയത്. സ്പാനിഷ് ടീം കപ്പ് സ്വന്തമാക്കി, ഒല്‍ഗ കിരീടം ഏറ്റുവാങ്ങിയതിന് ശേഷമായിരുന്നു പിതാവ് മരിച്ച വിവരം അറിയിച്ചത്. പിന്നിട് ഒല്‍ഗ സാമുഹ്യമാധ്യമത്തില്‍ ഇങ്ങനെക്കുറിച്ചു- എന്റെ ഹീറോ പോയത് അറിയാതെയാണ് ഞാന്‍ പന്ത് തട്ടിയത്. എനിക്കറിയാം താങ്കള്‍ എന്റെ കളി കാണുന്നുണ്ടെന്ന്. എന്നെയോര്‍ത്ത് താങ്കള്‍ക്ക് അഭിമാനിക്കാം. മനസ് നിറയെ താങ്കളായിരുന്നു. അങ്ങായിരുന്നല്ലോ എനിക്ക് കളിക്കാനുള്ള കരുത്ത് നല്‍കിയത്. നിത്യ നിദ്ര… ലോക ജേതാവിനുള്ള മെഡലില്‍ ചുംബിക്കുന്ന ചിത്രത്തിനൊപ്പമായിരുന്നു ഒല്‍ഗയുടെ ഈ പോസ്റ്റ്.

 

webdesk11: