പണം പോക്കറ്റടിച്ചയാള്‍തന്നെ കള്ളന്‍ കള്ളന്‍ എന്ന് വിളിച്ചുപറഞ്ഞ് ശ്രദ്ധ തിരിച്ചുവിടുകയും അതുവഴി രക്ഷപ്പെടുകയും ചെയ്യുന്നതാണ് ഉത്സവപ്പറമ്പിലെ പോക്കറ്റടിയുടെ രീതി. സമാനമായ തന്ത്രമാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഏതാനും ദിവസങ്ങളായി പയറ്റിക്കൊണ്ടിരിക്കുന്നത്. ഇന്ധന വില വര്‍ധിപ്പിച്ചും നികുതിഭാരം അടിച്ചേല്‍പ്പിച്ചും ജനങ്ങളുടെ ശത്രുത പിടിച്ചുപറ്റിയ അദ്ദേഹത്തിന്റെ ഭരണകൂടം ക്രമസമാധാന തകര്‍ച്ചയിലൂടെയും സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയായി മാറിയ തന്റെ യാത്രയിലൂടെയുമെല്ലാം സംസ്ഥാനത്തിന്റെ മുഴുവന്‍ പഴികേട്ടുകൊണ്ടിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ധൂര്‍ത്തിലൂടെയും പാര്‍ട്ടിക്കാരുടെ ഗുണ്ടായിസത്തിലൂടെയും ഭരണക്കാരോടുള്ള വെറുപ്പ് അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയും അധികാരത്തിന്റെ ആലസ്യത്തില്‍ അഹങ്കാരത്തിന്റെ മൂര്‍ത്തീഭാവങ്ങളായി മാറിയ ഇക്കൂട്ടരെ ഒരവസരം കിട്ടിയാല്‍ പാഠംപഠിപ്പിക്കാന്‍ ജനങ്ങള്‍ കാത്തുനില്‍ക്കുകയും ചെയ്യുന്ന ഈ ഘട്ടത്തിലാണ് പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി പിണറായി വിജയന്‍ രംഗപ്രവേശം ചെയ്യുന്നത്.
ഫാസിസത്തിനും വര്‍ഗീയതക്കുമെതിരെയുള്ള നീക്കങ്ങള്‍ സി.പി.എമ്മിനെ സംബന്ധിച്ചടുത്തോളം എക്കാലവും നിലനില്‍പിനുവേണ്ടിയുള്ള പൊറാട്ടുനാടകം മാത്രമാണ്. പകലന്തിയോളം വലിയ വായില്‍ വര്‍ത്തമാനം പറയുകയും നേരം ഇരുട്ടിയാല്‍ ഇരുകൂട്ടരുമായും ചര്‍ച്ചക്കിരിക്കുകയും ചെയ്യുന്ന നിലപാടാണ് എക്കാലവും അവര്‍ സ്വീകരിച്ചിട്ടുള്ളത്.
തരാതരംപോലെ അത്തരം ശക്തികളുമായി നടത്തിയ കൂട്ടുകെട്ടിന്റെ കണക്കുകള്‍കൂടിയാണ് ആ പാര്‍ട്ടിയുടെ രാഷ്ട്രീയാപചയത്തിന്റെ ചരിത്രം. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ പതിറ്റാണ്ടുകളോളം അധികാരത്തിന്റെ ഇടനാഴികളിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ഫാസിസ്റ്റ് ശക്തികളെ ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് ചുവന്ന പരവതാനി വിരിച്ച് ആനയിച്ചുകൊണ്ടുവന്നത് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലതൊട്ടപ്പന്‍മാരായിരുന്നു.
കേവലം നാലു സീറ്റുനേടിയെടുക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് വിരോധം വ്രതമായെടുത്ത സി.പി.എം കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഏതു ചെകുത്താനുമായും കൂട്ടുകൂടുമെന്ന പ്രഖ്യാപനവുമായി, പാര്‍ലമെന്റിന്റെ മൂലയില്‍ കഴിഞ്ഞുകൂടിയിരുന്ന ജനസംഘം നേതാക്കള്‍ക്ക് രാഷ്ട്രീയ ആയുധം കൈവെള്ളയില്‍ വെച്ചുകൊടുക്കുകയായിരുന്നു. സി.പി.എം ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് വിരുദ്ധ സഖ്യം നല്‍കിയ ആവേശത്തില്‍നിന്നാണ് ഇക്കാണുന്ന രീതിയിലേക്ക് സംഘപരിവാര്‍ പടര്‍ന്നു പന്തലിച്ചതെന്നത് രാജ്യത്തിന്റെ സത്യസന്ധമായ രാഷ്ട്രീയ ചരിത്രമാണ്.
കേരളത്തിലെയും അവസ്ഥ തത്തുല്യമാണ്. ഇപ്പോള്‍ ആര്‍.എസ്.എസിനൊപ്പം സി.പി.എം ചേര്‍ത്തുവെക്കുന്ന ജമാഅത്തെ ഇസ്‌ലാമിയെയും അതിന്റെ രാഷ്ട്രീയ രൂപങ്ങളേയും മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് എഴുന്നള്ളിച്ചത് പിണറായി വിജയനും കൂട്ടരുമാണെന്നതും ഒട്ടും അതിശയോക്തി കലരാത്ത യാഥാര്‍ത്ഥ്യം മാത്രമാണ്. മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ ഇടയില്‍ സ്വാധീനമുറപ്പിക്കുകയും മുസ്‌ലിംലീഗിനെ ക്ഷീണിപ്പിക്കുകയും ചെയ്യുക എന്ന രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നതിന് വേണ്ടി ഒരു കാലത്ത് സി.പി.എം സ്വീകരിച്ച കണ്ണും മൂക്കുമില്ലാത്ത സമീപനങ്ങള്‍ ജനാധിപത്യ കേരളത്തിന് മറക്കാന്‍ സാധിക്കുമോ.
ബാബരി മസ്ജിദിന്റെ ധ്വംസനത്തിനുശേഷം മുറിവേറ്റ സമുദായത്തിന്റെ ഹൃദയത്തില്‍ മുളകുതേക്കുകയായിരുന്നില്ലേ അവര്‍. ആ കാലയളവിലെ തിരഞ്ഞെടുപ്പില്‍ ആരൊക്കെയായുമാണ് സി.പി.എം വേദി പങ്കിട്ടത്, ഏതൊക്കെ സംഘടനകളുമായാണ് ചര്‍ച്ച നടത്തിയത് എന്നതൊക്കെ ഒരു പുനരാലോചന നടത്തിയിട്ടുവേണമായിരുന്നു പിണറായിയുടെ യു.ഡി.എഫിനു നേരെയുള്ള ഗീര്‍വാണം.
എന്തു നഷ്ടമുണ്ടായാലും മതേതരത്വത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ല എന്ന സ്ഫടിക സമാനമായ തെളിമയുള്ള നിലപാട് മുസ്‌ലിംലീഗ് കൈക്കൊണ്ടത് കൊണ്ട് മാത്രമാണ് കേരളത്തിലെങ്കിലും കാര്യങ്ങള്‍ കൈവിട്ടുപോകാതിരുന്നത്. സി.പി.എമ്മിനെ പോലെ അന്നത്തെ സാഹചര്യം രാഷ്ട്രീയ മുതലെടുപ്പിന് മുസ്‌ലിംലീഗും ഉപയോഗപ്പെടുത്തുകയായിരുന്നെങ്കില്‍ പിണറായിക്ക് ഈ വലിയ വര്‍ത്തമാനങ്ങള്‍ പറയാനുള്ള സലാഹചര്യം ഇന്നുണ്ടാകുമായിരുന്നില്ല. മറുഭാഗത്ത് കേരളത്തിലെ ഫാസിസ്റ്റ് ശക്തികളുമായും ഇതേ നിലപാടുതന്നെയാണ് സി.പി.എം സ്വീകരിച്ചിട്ടുള്ളത്.
ജമാഅത്ത് ആര്‍.എസ്.എസ് ചര്‍ച്ചയെക്കുറിച്ച് വലിയ ആശങ്കകള്‍ പ്രകടിപ്പിക്കുമ്പോള്‍ സി.പി.എം ആര്‍.എസ്.എസ് ചര്‍ച്ചയെ കുറിച്ചുള്ള ചോദ്യങ്ങള്‍ അവര്‍ക്കുനേരെ ഉയരുന്നത് അത്‌കൊണ്ടാണ്. ഇരു പ്രസ്താനങ്ങളുടെയും ഉന്നതര്‍ ശ്രീ എമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ കൂടിക്കാഴ്ച്ചയെ കുറിച്ച് പാര്‍ട്ടി സെക്രട്ടറിക്ക് തന്നെ വിശദീകരിക്കേണ്ടി വന്നിരിക്കുകയാണ്. ഏതായാലും പാര്‍ട്ടിയും സര്‍ക്കാറും പ്രതിരോധത്തിലായപ്പോഴുള്ള ഈ പൊളിറ്റിക്കല്‍ ഗിമ്മിക്ക് ഇനിയും വിലപ്പോവില്ലെന്നെങ്കിലും പിണറായി തിരിച്ചറിയുന്നത് നന്ന്.