കോഴിക്കോട്: കോവിഡ് കാലത്തെ പരിമിതികളെ അതിജീവിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ വോട്ടര്‍മാരിലേക്കെത്തിക്കാന്‍ സാമൂഹ്യമാധ്യമങ്ങളെ ഉപയോഗപ്പെടുത്തി നൂതനമായ പ്രചാരണ പരിപാടിയുമായി മുന്നേറുകയാണ് ഒളവണ്ണ പഞ്ചായത്തിലെ യുഡിഎഫ് പ്രവര്‍ത്തകര്‍. ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെയുള്ള കുറ്റപത്രം മുന്നില്‍വെച്ച് സ്ട്രീറ്റ് മീറ്റ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന തെരുവോര സംവാദത്തില്‍ പൊതുജനങ്ങള്‍ക്ക് ചോദ്യം ചോദിക്കാനും ആവശ്യങ്ങളുന്നയിക്കാനും അവസരം കൊടുത്തുകൊണ്ടാണ് പ്രചാരണം മുന്നേറുന്നത്.
വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകള്‍ മേശപ്പുറത്ത് വെച്ച് കവലകളില്‍ നടക്കുന്ന പരിപാടി ഫേസ്ബുക്ക് വഴി ലൈവ് ആയി കാണിക്കുകയും അതില്‍ പങ്കെടുക്കുന്നവര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനും അവസരമുണ്ട്. സീറോ ബജറ്റ് ക്യാമ്പയില്‍ എന്ന നിലയില്‍ യുഡിഎഫ് ഒളവണ്ണ പഞ്ചായത്ത് ഫേസ്ബുക്ക് പേജിലുള്ള സ്ട്രീറ്റ് മീറ്റിന്റെ ഓരോ വീഡിയോയുടെയും കമന്റ് ബോക്‌സില്‍ പ്രചാരണം തീരുന്ന സമയം വരെ ചോദ്യങ്ങള്‍ക്ക് മറുപടി കിട്ടും.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് പെര്‍മിഷന്‍ ആവശ്യമില്ലാത്ത ചെറിയ ഉച്ചഭാഷിണി ഉപയോഗിച്ചാണ് സംവാദം നടത്തുന്നത്. യുഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വാര്‍ റൂം ആണ് സ്ട്രീറ്റ് മീറ്റ് ജനങ്ങളിലെത്തിക്കുന്നത്.