ഡല്‍ഹി: രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി സര്‍വിസ് കമ്പനിയായ ഓല തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടു. മാറ്റ്ബ്ലാക്ക് നിറത്തിലുള്ള മനോഹരമായ സ്‌കൂട്ടറിന്റെ ചിത്രങ്ങളും കമ്പനി പങ്കുവെച്ചിട്ടുണ്ട്.
1860 എം.എം ആണ് വാഹനത്തിന്റെ നീളം. 700 എം.എം വീതിയും 1155 എം.എം ഉയരവുമുണ്ട്. 1345 എം.എം ആണ് വീല്‍ബേസ്. ആറ് കിലോവാട്ടിന്റെ ഇലക്ട്രിക് മോട്ടോറാണ് സ്‌കൂട്ടറിനെ ചലിപ്പിക്കുക. ഊരിമാറ്റാന്‍ സാധിക്കുന്ന ബാറ്ററിയുടെ പരമാവധി റേഞ്ച് 240 കിലോമീറ്ററാണ്. 3.9 സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍നിന്ന് 45 കി.മീറ്റര്‍ വേഗത കൈവരിക്കാനാകും. 100 കിലോമീറ്ററാണ് പരമാവധി വേഗത.
ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന ഫാക്ടറി തമിഴ്‌നാട്ടില്‍ നിര്‍മിക്കുകയാണ് ഓല. 500 ഏക്കറിലായാണ് ഫാക്ടറി ഒരുക്കുന്നത്. പ്രാരംഭ ഘട്ടത്തില്‍ പ്രതിവര്‍ഷം രണ്ട് ദശലക്ഷം യൂനിറ്റ് വാഹനങ്ങള്‍ ഇവിടെ നിര്‍മിക്കും. ഓലയുടെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും ആഗോള ഉല്‍പാദന കേന്ദ്രമായി ഇവിടം മാറും. യൂറോപ്പ്, യു.കെ, ലാറ്റിന്‍ അമേരിക്ക, ഏഷ്യ പസഫിക്, ആസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവയുള്‍പ്പെടെ അന്താരാഷ്ട്ര വിപണികളിലേക്ക് ഇവിടെനിന്ന് വാഹനം കയറ്റുമതി ചെയ്യും.