ബീജിങ്: ചൈനയില്‍ ചരക്കുകപ്പലുമായി കൂട്ടിയിടിച്ച് തീപിടിച്ച ഇറാന്‍ എണ്ണക്കപ്പലില്‍നിന്ന് എണ്ണചോര്‍ച്ച തുടരുന്നു. കിഴക്കന്‍ ചൈന കടലില്‍ പരിസ്ഥിതി ദുരന്തത്തിന് കാരണമായേക്കാവുന്ന കപ്പല്‍ ഏത് സമയവും പൊട്ടിത്തെറിച്ച് കടലില്‍ താഴ്‌ന്നേക്കുമെന്ന് ചൈനീസ് അധികൃതര്‍ ആശങ്ക പ്രകടിപ്പിച്ചു.
കത്തിക്കൊണ്ടിരിക്കുന്ന എണ്ണക്കപ്പലില്‍നിന്ന് ഉയരുന്ന കനത്ത വിഷപ്പുക പ്രദേശമാകെ വ്യാപിച്ചിട്ടുണ്ട്. അപകത്തെ തുടര്‍ന്ന് കാണാതായ 30 കപ്പല്‍ ജോലിക്കാരില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. ബാക്കിയുള്ളവര്‍ക്കുവേണ്ടി തെരച്ചില്‍ തുടരുകയാണ്.
30 ഇറാന്‍കാരും രണ്ട് ബംഗ്ലാദേശുകാരുമാണ് കപ്പലിലുണ്ടായിരുന്നത്. ഇറാനില്‍നിന്ന് ദക്ഷിണകൊറിയയിലേക്ക് പോകുകയായിരുന്ന സാഞ്ചി എണ്ണക്കപ്പലും ഹോങ്കോങില്‍നിന്നുള്ള ചരക്കുകപ്പലും ഷാങ്ഹായ് തീരത്തിനു സമീപം കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കപ്പലിന് തീപിടിച്ചു. ഹോങ്കോങ് കപ്പലിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. ഇതിലുണ്ടായിരുന്നു 21 ജോലിക്കാരെയും രക്ഷപ്പെടുത്തി.