കോഴിക്കോട്: സൗദി അറേബ്യയിലെ ആരാംകോ എണ്ണക്കമ്പനിയുടെ സംസ്‌കരണ കേന്ദ്രവും എണ്ണപ്പാടവും ലക്ഷ്യമാക്കി ഹൂതികളുടെ ആക്രമണമുണ്ടായതിനു പിന്നാലെ എണ്ണവില കുതിച്ചുയര്‍ന്നു. തിങ്കളാഴ്ച പത്തു ശതമാനത്തിലധികമാണ് എണ്ണവിലയിലുണ്ടായ വര്‍ധന.
ഏഷ്യന്‍ വിപണിയില്‍ വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ഇനത്തിലുള്ള അസംസ്‌കൃത എണ്ണവില 10.68 ശതമാനം വര്‍ധിച്ച് വീപ്പ്ക്ക് 60.71 ഡോളറിലെത്തി. ബ്രെന്റ് ഇനത്തില്‍പ്പെട്ട അസംസ്‌കൃത എണ്ണവില 11.77 ശതമാനം വര്‍ധിച്ച് വീപ്പ്ക്ക് 67.31 ഡോളറിലും എത്തിയിട്ടുണ്ട്.
ശനിയാഴ്ചയാണ് ആരാംകോ്ക്കു നേരെ ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയതും ഇതിനെ തുടര്‍ന്ന് തീപ്പിടിത്തമുണ്ടായതും. ഹൂതി ആക്രമണത്തിനു പിന്നാലെ സൗദി എണ്ണ ഉത്പാദനം പകുതിയോളം കുറച്ചിരുന്നു. ന്യൂയോര്‍ക്ക് മെര്‍ക്കന്റൈല്‍ എക്‌സ്‌ചേഞ്ചില്‍ യു.എസ് ക്രൂഡ് ഓയിലിന്റെ വിലയില്‍ 10.2 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. നിലവില്‍ ഒരു ബാരലിന് 60.46 ഡോളറാണ് വില. വിലയില്‍ ഇനിയും വര്‍ധനയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശനിയാഴ്ച പുലര്‍ച്ചെ നാലോടെയായിരുന്നു ആക്രമണം. സൗദിയുടെ കിഴക്കന്‍ മേഖലായ ദമാമിനടുത്ത അബ്ഖുയൈഖ്, ഹിജ്‌റാത് ഖുറൈയ്‌സ് എണ്ണപ്പാടം എന്നിവിടങ്ങളിലായിരുന്നു ഡ്രോണ്‍ ആക്രമണമെന്ന് സൗദി ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം ഹൂതിവിമതര്‍ ഏറ്റെടുത്തിട്ടുമുണ്ട്.