പാലക്കാട് ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ അക്രമം നടത്തിയത് അടുത്തിടെ പാർട്ടി വിട്ടവരുടെ ഗൂഢാലോചനയാണോ എന്ന് സംശയിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പ്രസ്താവനക്ക് പരിഹാസ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ.
‘ദൈവമേ ഇനി ഞാനാണോ ആ പോൾ ബാർബർ’ എന്നാണ് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ്.
നല്ലേപ്പള്ളി ഗവ.യു.പി സ്കൂളിലുണ്ടായ സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും ശക്തമായ നടപടി വേണമെന്നുമാണ് കെ.സുരേന്ദ്രൻ പറഞ്ഞത്. ബി.ജെ.പിയുമായി ക്രൈസ്തവ സമൂഹം അടുക്കുന്നത് ഇഷ്ടമില്ലാത്തവരാണ് ഇതിന് പിന്നിൽ. അടുത്തിടെ ബി.ജെ.പി വിട്ടുപോയവർ ഇതിന് പിന്നുലണ്ടോയെന്ന് സംശയിക്കുന്നു. ഇത് പരിശോധിക്കണം. ബി.ജെ.പിക്ക് ബന്ധമുള്ള ആരെങ്കിലും ഇതിന് പിന്നിലുണ്ടെങ്കിൽ അവർ പിന്നെ പാർട്ടിയിൽ കാണില്ലെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് സന്ദീപ് വാര്യർ പരിഹാസ പോസ്റ്റിട്ടത്.
പാലക്കാട് നല്ലേപ്പള്ളി ഗവ.യു.പി സ്കൂളിൽ അതിക്രമിച്ച് കയറി ക്രിസ്മസ് ആഘോഷം തടസ്സപ്പെടുത്തിയ മൂന്ന് വി.എച്ച്.പി നേതാക്കളെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.
നല്ലേപ്പിള്ളി സ്വദേശികളായ വടക്കുംതറ കെ. അനിൽകുമാർ (52), മാനാംകുറ്റി കറുത്തേടത്ത്കളം സുശാസനൻ (52), തെക്കുമുറി വേലായുധൻ (58) എന്നിവരെയാണ് ചിറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ്. പ്രധാനാധ്യാപികയുടെ പരാതിയിലാണ് നടപടി.
സ്കൂളിൽ അർധവാർഷിക പരീക്ഷ കഴിഞ്ഞ് അവധി തുടങ്ങുന്നതിനുമുമ്പ് ക്രിസ്മസ് ആഘോഷിക്കുന്നതിനിടെയാണ് പ്രതികളെത്തി അസഭ്യവർഷം നടത്തിയത്. ക്രിസ്മസ് വസ്ത്രങ്ങൾ കുട്ടികൾ ധരിച്ചതിനെ ഇവർ ചോദ്യം ചെയ്തു. ശ്രീകൃഷ്ണജയന്തിയല്ലാതെ മറ്റൊരാഘോഷവും വേണ്ടെന്നായിരുന്നു ഇവരുടെ നിലപാട്. സംഭവത്തിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.