കൊച്ചി: നൈജീരിയന്‍ ഫുട്ബോള്‍ താരം ബര്‍ത്ലോമിയോ ഒഗ്ബച്ചെ ഇനി കേരള ബ്ലാസ്റ്റേഴ്സിനെ നയിക്കും. കഴിഞ്ഞ രണ്ടു സീസണുകളില്‍ ടീമിനെ നയിച്ച സന്ദേശ് ജിങ്കനെ മാറ്റിയാണ് കോച്ച് എല്‍കോ ഷട്ടോറി ഐ.എസ്.എല്‍ ആറാം സീസണിലേക്കുള്ള പുതിയ ടീം ക്യാപ്റ്റനെ പ്രഖ്യാപിച്ചത്.
കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി ബൂട്ടണിഞ്ഞ ഈ 34 കാരനെ ഹെഡ് കോച്ച് എല്‍കൊ ഷട്ടോറിയാണ് ബ്ലാസ്റ്റേഴ്സിലേക്ക് റാഞ്ചിയത്. കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ ഹെഡ് കോച്ചായിരുന്നു എല്‍കൊ ഷട്ടോറി. ഇദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഹെഡ് കോച്ചായി ചുമതലയേറ്റതിന് പിന്നാലെയാണ് ഒഗ്ബച്ചെയും ടീമിന്‍റെ ഭാഗമാകുന്നത്. ടീമിന് വേണ്ടി ഗോളടിക്കാന്‍ കഴിയുന്ന താരമാണ് ഒഗ്ബച്ചെയെന്ന് അദ്ദേഹത്തെ സ്വാഗതം ചെയ്തുകൊണ്ട് കോച്ച് എല്‍കൊ ഷട്ടോറി പറഞ്ഞിരുന്നു.
2018-2019 സീസണില്‍ 19 മത്സരങ്ങളില്‍ നിന്ന് 12 ഗോളുകള്‍ നേടിയിട്ടുണ്ട് ഒഗ്ബെചെ. സീസണിലെ ഗോള്‍ഡന്‍ ബൂട്ട് റണ്ണര്‍ അപ് കൂടിയാണ് ഈ നൈജീരിയന്‍ ഗോളടിയന്ത്രം. ഫ്രാന്‍സ്, സ്പെയിന്‍, ഇംഗ്ലണ്ട്, നെതര്‍ലന്‍റ്സ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ച ശേഷമാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി ഒഗ്ബെച്ചെ കളത്തിലിറങ്ങിയത്.