X

ഓക്‌ലാന്റ് നിശാക്ലബില്‍ അഗ്നിബാധ: 40 മരണം

കാലിഫോര്‍ണിയ: അമേരിക്കയിലെ ഓക്‌ലാന്റില്‍ നിശാക്ലബിലുണ്ടായ അഗ്നിബാധയില്‍ 40 പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. നാല്‍പലധികം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നിരവധി പേരുടെ ആരോഗ്യനില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്ന് ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം ഒമ്പതു പേരുടെ മൃതദേഹം പ്രദേശത്തു നിന്ന് കണ്ടെടുത്തു. കാണാതായ 31 പേരെ പ്രദേശത്തെ ആസ്പത്രികളിലൊന്നും പ്രവേശിപ്പിക്കാത്ത സാഹചര്യത്തില്‍ മരിച്ചിരിക്കാമെന്നാണ് അധികൃതര്‍ കരുതുന്നത്. ഓക്‌ലാന്റിലെ ഒരു വെയര്‍ഹൗസില്‍ നിശാപാര്‍ട്ടി നടക്കുന്നതിനിടെയാണ് അഗ്നിബാധയുണ്ടായത്. മ്യൂസിക് ബാന്റായ ഗോള്‍ഡന്‍ ഡൊണായുടെ പരിപാടിക്കിടെയാണ് ദുരന്തം. ഈ സമയത്ത് വിദേശികളടക്കം പതിനേഴ് വയസിനു താഴെയുള്ള നൂറിലധികം പേര്‍ വെയര്‍ഹൗസിലുണ്ടായിരുന്നു. തീ വ്യാപിച്ചതോടെ ആളുകള്‍ കെട്ടിടത്തിന് പുറത്തേക്ക് കടക്കന്‍ തിക്കുംതിരക്കും കൂട്ടിയത് ദുരന്തത്തിന് ആക്കംകൂട്ടിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മതിയായ സുരക്ഷാ ക്രമീകരണങ്ങളൊന്നും വെയര്‍ഹൗസിലുണ്ടായിരുന്നതായാണ് വിവരം. എമര്‍ജന്‍സി എക്‌സിറ്റ് ഉള്‍പ്പെടെ പ്രാഥമിക സജ്ജീകരണങ്ങളൊന്നും തന്നെ കെട്ടിടത്തിലുണ്ടായിരുന്നില്ല. ഇത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനയും പൊലീസും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കിയത്. വിരലടയാളവും മറ്റും പരിശോധിച്ചാണ് മൃതദേഹം തിരിച്ചറിയുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

chandrika: