ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ വിമാനം അപകടത്തില്‍പെട്ടത് സാങ്കേതിക തകരാറിനെ തുടര്‍ന്നെന്ന് സൂചന. നേരത്തയുണ്ടായിരുന്ന പ്രശ്‌നം അധികൃതകരെ അറിയിക്കുന്നതില്‍ പൈലറ്റിന് വീഴ്ച പറ്റിയെന്നാണ് ടെക്‌നികല്‍ ലോഗിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തകര്‍ന്ന വിമാനം പറത്തിയത് ഇന്ത്യക്കാരനായ പൈലറ്റായിരുന്നു. ഡല്‍ഹി സ്വദേശി ഭവ്യ സുനേജയായിരുന്നു വിമാനത്തിന്റെ പ്രധാന പൈലറ്റ്.
യാത്രാ വിമാനം കടലില്‍ തകര്‍ന്ന വീണ സംഭവത്തില്‍ മുഴുവന്‍ യാത്രക്കാരും കൊല്ലപ്പെട്ടതായാണ് വിവരം. ഇന്തോനേഷ്യന്‍ ധനമന്ത്രാലയത്തിലെ 20 ഉദ്യോഗസ്ഥരടക്കം 189 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മരിച്ചതായി പ്രഖ്യാപിച്ചെങ്കിലും തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
പ്രാദേശിക സമയം രാവിലെ 6.33ന് വിമാനം കടലില്‍ വീഴുന്നത് കണ്ടുവെന്ന് ഒരു ബോട്ടിലുള്ളവര്‍ അറിയിച്ചതോടെയാണ് അപകടവിവരം പുറത്തറിഞ്ഞത്.
വിമാനം തകര്‍ന്ന സ്ഥലത്തിന് 15 കിലോമീറ്റര്‍ അകലെ അപകടത്തില്‍ പെട്ട യാത്രക്കാരില്‍ ചിലരുടെ മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചതായും രക്ഷാപ്രവര്‍ത്തന ഏജന്‍സിയുടെ ഡയരക്ടര്‍ ബംബങ് സൂര്യോ അജി അറിയിച്ചു. അപകടകാരണം ഇനിയും വ്യക്തമായിട്ടില്ല. എന്നാല്‍ വിമാനത്തിന് സാങ്കേതിക ബുദ്ധിമുട്ടുകള്‍ നേരിട്ടതായി തകര്‍ന്നു വീഴുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പ് ക്യാപ്റ്റന്‍ അധികൃതരെ അറിയിച്ചതായും തിരിച്ചിറങ്ങാന്‍ അനുമതി തേടിയിരുന്നതായുമാണ് റിപ്പോര്‍ട്ട്. 6000 മണിക്കൂര്‍ വിമാനം പറത്തി പരിചയമുള്ളയാളാണ് സുനേജ. ഏഴ് വര്‍ഷം മുമ്പാണ് സുനേജ ഇന്തോനേഷ്യന്‍ വിമാന കമ്പനിയായ ലയണ്‍ എയറില്‍ ചേര്‍ന്നത്. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 181 യാത്രക്കാരും രണ്ട് പൈലറ്റ്മാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
23 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ടിന്‍ ഖനന തൊഴിലാളികളായ നാലു പേരും, ഒരു ഇറ്റാലിയന്‍ പൗരനും വിമാനത്തിലുണ്ടായിരുന്നതായി ലയണ്‍ എയര്‍ സി.ഇ.ഒ എഡ്വാര്‍ഡ് സിറയ്റ്റ് അറിയിച്ചു.
വിമാനം തകര്‍ന്ന മേഖലയില്‍ തെരച്ചില്‍ തുടരുകയാണ്. 30 മുതല്‍ 40 മീറ്റര്‍ വരെ ആഴമുള്ള ഭാഗത്താണ് വിമാനം തകര്‍ന്നുവീണത്. പറന്നുയര്‍ന്ന് നിമിഷങ്ങങ്ങള്‍ക്കം വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമാവുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു.
ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന വ്യോമയാന മാര്‍ക്കറ്റാണ് ഇന്തോനേഷ്യയുടേത്. എന്നാല്‍ രാജ്യത്തെ സുരക്ഷാ റെക്കോര്‍ഡ് അത്ര ശുഭകരമല്ല. 1997ല്‍ മെദാനില്‍ ഗരുഡ എ 300 വിമാനം തകര്‍ന്ന് 214 പേര്‍ കൊല്ലപ്പെട്ടതിന് ശേഷം രാജ്യത്തുണ്ടാകുന്ന രണ്ടാമത്തെ ഏറ്റവും വലിയ വ്യോമയാന ദുരന്തമാണ് ലയണ്‍ എയര്‍ വിമാന ദുരന്തം.