സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ലൈംഗിക പീഡന ആരോപണത്തില്‍ കേസ് എടുത്ത് യു.ഡി.എഫ് നേതാക്കളെ സമ്മര്‍ദത്തിലാക്കാനുള്ള സര്‍ക്കാറിന്റെ നീക്കത്തിന് ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട് തിരിച്ചടിയായി. വസ്തുതകള്‍ പരിശോധിക്കാതെ ധൃതിപിടിച്ച് ലൈംഗിക പീഡനകേസെടുത്താല്‍ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഉദ്യോഗസ്ഥര്‍ നിലപാടെടുത്തതോടെയാണ് സര്‍ക്കാര്‍ പിന്നാക്കം പോയത്. സരിത എസ്. നായരുടെ കത്തില്‍ ആരോപിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍പ്പെടുത്തി ലൈംഗിക പീഡനത്തിന് കേസ് എടുക്കുമെന്നായിരുന്നു കഴിഞ്ഞ മാസം 11ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. അഡ്വക്കേറ്റ് ജനറലിന്റെയും പ്രോസിക്യൂഷന്‍ ഡയരക്ടര്‍ ജനറലിന്റെയും നിയമോപദേശം ചോദിച്ചുവാങ്ങിയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്.
പരാതിയില്ലാതെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ മാത്രം അടിസ്ഥാനത്തില്‍ കേസ് എടുക്കുന്നതില്‍ ആദ്യം സംശയം ഉന്നയിച്ചത് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയായിരുന്നു. എങ്കില്‍ സര്‍ക്കാറിനുവേണ്ടി ചീഫ് സെക്രട്ടറിയെ വാദിയാക്കി കേസ് എടുപ്പിക്കാമെന്ന നിര്‍ദേശം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതര്‍ മുന്നോട്ടുവെച്ചു. എന്നാല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം ഈ സമ്മര്‍ദത്തിന് വഴങ്ങാന്‍ തയാറായില്ല. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയും വാദിയാകാന്‍ തയാറാകാതെ വന്നതോടെ സര്‍ക്കാര്‍ വെട്ടിലായി. മാത്രമല്ല ഇത്തരത്തില്‍ ഉന്നതര്‍ക്കെതിരെ കേസ് എടുക്കുന്നത് പൊലീസിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടു. ഇത്തരം കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നതിലെ ബുദ്ധിമുട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍ ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്‍ ആഭ്യന്തര വകുപ്പിലെ ഉന്നതരെയും അറിയിച്ചു.
ഇതിനിടെ പഴയ കത്തിലെ ആരോപണങ്ങള്‍ ഉള്‍പ്പെടുത്തി സരിതയില്‍ നിന്ന് പരാതി വാങ്ങി, ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് എടുക്കാമെന്നായിരുന്നു സര്‍ക്കാര്‍ കണക്കുകൂട്ടിയത്. ഇതനുസരിച്ച് സരിത മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഡി.ജി.പിക്ക് കൈമാറി. എന്നാല്‍ മുന്‍പ് പല കേസുകളില്‍ ഉള്‍പ്പെട്ട വ്യക്തിയുടെ പരാതിയില്‍ ചാടിക്കയറി കേസ് എടുക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ബെഹ്‌റ കൈക്കൊണ്ടത്. കത്തിലെ ആരോപണത്തെക്കുറിച്ചു പ്രാഥമികാന്വേഷണം നടത്തി, മൊഴിയും രേഖപ്പെടുത്തിയശേഷം ആവശ്യമെങ്കില്‍ മാത്രം കേസ് എടുക്കാമെന്നാണ് ബെഹ്‌റ സര്‍ക്കാറിനെ അറിയിച്ചത്.
ലൈംഗികാരോപണ പരാതികളില്‍ പ്രാഥമികാന്വേഷണം നടത്താതെ തിരിക്കിട്ട് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യരുതെന്ന സുപ്രീംകോടതി വിധിയും നിലവിലുണ്ട്. ഇതുംകൂടി കണക്കിലെടുത്താണ് സുപ്രീംകോടതി മുന്‍ ജഡ്ജി അരിജിത് പസായത്തില്‍നിന്നു നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കമ്മീഷന്‍ റിപ്പോര്‍ട്ടും ആദ്യം ലഭിച്ച നിയമോപദേശങ്ങളും പരിശോധിച്ച അദ്ദേഹം സര്‍ക്കാര്‍ നീക്കത്തോട് അനുകൂലമായല്ല പ്രതികരിച്ചത്. പ്രമുഖര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ അതീവശ്രദ്ധ വേണമെന്ന് ചൂണ്ടിക്കാട്ടിയ പസായത്ത്, കാര്യസാധ്യത്തിനായി ലൈംഗികമായി ചൂഷണം ചെയ്തെങ്കിലും ലൈംഗികബന്ധം നടന്നത് ഉഭയകക്ഷി സമ്മതത്തോടെയുള്ളതാണെന്ന വ്യാഖ്യാനം ഉണ്ടായേക്കാമെന്ന ഉപദേശമാണ് നല്‍കിയത്. എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്താല്‍ അത് റദ്ദാക്കാപ്പെടാനുള്ള സാധ്യത ഏറെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡി.ജി.പി ബെഹ്‌റയുമായി ഏറെ അടുപ്പമുള്ളയാളുമാണ് ജസ്റ്റിസ് പസായത്. ഈ സാഹചര്യത്തിലാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിനൊപ്പം വ്യാഴാഴ്ച മുഖ്യമന്ത്രി നിയമസഭയില്‍ സമര്‍പ്പിച്ച നടപടി റിപ്പോര്‍ട്ടില്‍ നേരത്തേ പ്രഖ്യാപിച്ചതുപോലുള്ള അന്വേഷണമോ വ്യക്തികളുടെ പേരോ പറയാതിരുന്നത്.
ഉന്നത ഉദ്യോഗസ്ഥര്‍ തടയിടുന്നു: സോളാര്‍ കേസില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്
Tags: officials backsolar case