ചെന്നൈ : നടന്‍ കമല്‍ ഹാസന്റെ പുതിയ പാര്‍ട്ടിയായ മക്കള്‍ നീതി മയം(എം.എന്‍.എം)പാര്‍ട്ടിയില്‍ ആദ്യ രണ്ടു ദിവസത്തില്‍ അംഗത്വമെടുത്തവര്‍ ഓണ്‍ലൈന്‍ വഴി രണ്ടു ലക്ഷത്തിലധികമെന്ന് പാര്‍ട്ടി അധികൃതര്‍. ഓണ്‍ലൈന്‍ വഴി മാത്രമാണ് ഇത്രയും പേര്‍ അംഗത്വമെടുത്തത്. പാര്‍ട്ടിയുടെ ഔദ്യോഗിക വെബ് വൈബ് സൈറ്റ് ലോഞ്ച് ചെയ്ത്തതിന് തൊട്ടു പിന്നാലെയാണ് ഇത്രയുമധികം ആളുകള്‍ പാര്‍ട്ടി അംഗത്വം വെബ് സൈറ്റ് വഴി നേടിയത്.
ഫെബ്രുവരി 21നാണ് കമല്‍ ഹാസന്‍ തന്റെ പുതിയ പാര്‍ട്ടിയെ പ്രഖ്യാപിച്ചത്. അന്നു തന്നെ പാര്‍ട്ടിയുടെ വെബ് സൈറ്റും ലോഞ്ച് ചെയ്തിരുന്നു. തുടര്‍ന്ന് പാര്‍ട്ടി അംഗ്വതത്തിനായി ആളുകള്‍ വെബ് സൈറ്റിനെ സമീപിക്കുകയായിരുന്നു. അതേസമയം അംഗത്വമെടുത്തവര്‍ തമിഴ് നാട്ടില്‍ നിന്നും മാത്രമുള്ളവരല്ല. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ആളുകളും അമേരിക്ക, ദുബായ്, സിംഗപൂര്‍, ബ്രിട്ടന്‍, മലേഷ്യ സൗദി അറേബ്യ കാനഡ തുടങ്ങി രാജ്യങ്ങളിലെ ഇന്ത്യക്കാരും അംഗത്വം നേടിയതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. പാര്‍ട്ടിയുടെ കണക്കു പ്രകാരം സൈറ്റ് ഓപണായ ആദ്യ 48 മണിക്കൂറില്‍ 201597 പേര്‍ ഓണ്‍ലൈനില്‍ രജിസ്ട്രര്‍ ചെയ്തു.
തമിഴ്‌നാട്ടില്‍ നടന്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് തൊട്ടു പിന്നാലെയാണ് കമല്‍ ഹാസനും രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. രാഷ്ട്രീയ പ്രഖ്യാപനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയാനും പഠിക്കാനുമായി മൊബൈല്‍ ആപ്പുമായി രംഗത്തെത്തിയിരുന്നു കമല്‍. ഇതിനു വലിയ പിന്തുണയാണ് അന്നു ലഭിച്ചിരുന്നത്.