‘ചെറുത്തുനിൽപ്പിന്റെ പോരാട്ടത്തിൽ കരുത്തുകാട്ടിയ ഉദ്യോഗസ്ഥർ…’: തലശേരി എസ്ഐമാരെ സ്ഥലം മാറ്റിയതിൽ പൊലീസിന് അതൃപ്തി

കണ്ണൂര്‍ മണോളിക്കാവിലെ സിപിഎം- പൊലീസ് സംഘര്‍ഷത്തിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി യാത്രയയപ്പ് മൊമെന്റോയിലെ വാചകം. ‘ചെറുത്തുനില്‍പ്പിന്റെ പോരാട്ടത്തില്‍ കരുത്തുകാട്ടിയ ഉദ്യോഗസ്ഥര്‍ക്ക് അഭിവാദ്യങ്ങള്‍’ എന്നാണ് സഹപ്രവര്‍ത്തകര്‍ നല്‍കിയ യാത്രയയപ്പില്‍ നല്‍കിയ മൊമെന്റോയില്‍ എഴുതിയിരിക്കുന്നത്. പൊലീസിനെ ആക്രമിച്ച സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു സ്ഥലംമാറ്റം.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകരായ പ്രതികളെ പൊലീസ് വാഹനം തടഞ്ഞുവച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ മോചിപ്പിച്ചിരുന്നത്. പിന്നാലെ തലശ്ശേരി പൊലീസ് സ്റ്റേഷനിലെ ദീപ്തി, അഖില്‍ എന്നീ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയായിരുന്നു. ഇന്നലെ വൈകീട്ട് രണ്ട് ഉദ്യോഗസ്ഥര്‍കക്കും സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.

ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ഉന്നയിച്ച് പ്രതിപക്ഷം രാഷ്ട്രീയ ആരോപണം ഉന്നയിക്കുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അതൃപ്തി പരസ്യമാക്കി തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് സ്‌നേഹാഭിവാദ്യം അര്‍പ്പിച്ചിരിക്കുന്നത്. യാത്രയയപ്പിന്റെയും മൊമെന്റോയുടേയും ചിത്രങ്ങള്‍ ഉദ്യോഗസ്ഥര്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

കേരളത്തിലെ ഏറ്റവും നല്ല പൊലീസ് സ്റ്റേഷനുള്ള അവാര്‍ഡ് നേടിയ സ്റ്റേഷനിലെ പൊലീസുകാരെ ക്രിമിനലുകള്‍ക്ക് വേണ്ടി സ്ഥലം മാറ്റിയത് അപലപനീയമെന്ന് ഇന്നലെ പ്രതിപക്ഷം പ്രതികരിച്ചിരുന്നു.

ക്രിമിനലുകള്‍ നിലത്തിട്ട് ചവിട്ടുകൂട്ടിയതില്‍ ഇരകളായ പൊലീസുകാരെ സ്ഥലം മാറ്റിയ മുഖ്യമന്ത്രി അടിവരയിട്ട് കൊടുക്കുന്നത് സിപിഎമ്മിനോട് കളിക്കേണ്ടെന്ന ചില ക്രിമിനലുകളുടെ വാക്കുകള്‍ക്കാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് ഉടനീളമുള്ള പൊലീസ് സ്റ്റേഷനുകളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുവെന്നും പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.

webdesk13:
whatsapp
line